സെക്രട്ടെറിയേറ്റിന്റെ നടത്തിപ്പില്‍ ആരും രാഷ്ട്രിയം കലര്‍ത്തണ്ട: പിണറായി വിജയന്‍

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന ഓര്‍മ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പുകളാണു പലരുടെയും തുടര്‍ന്നുള്ള ജീവിതം പോലും തീരുമാനിക്കുന്നത്. നെഗറ്റീവ് ഫയല്‍ നോട്ടരീതിയില്‍നിന്നു പോസിറ്റീവ് ഫയല്‍ നോട്ടരീതിയിലേക്കു മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍, ഫയലില്‍ ഉള്ളതു ജീവിതമാണെന്നും കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടതുണെ്ടന്നുമുള്ള ചിന്ത ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. സെക്രട്ടേറിയറ്റിന്റെ നടത്തിപ്പില്‍ രാഷ്ട്രീയം കലരേണ്ടതില്ല. അതുകൊണ്ടു ഫയലുകളിലെ തീര്‍പ്പിലും രാഷ്ട്രീയം കലരേണ്ടതില്ല. ഭരണം എന്നതു തുടര്‍ച്ചയാണ്. രാഷ്ട്രീയ ഭരണാധികാരികള്‍ മാറിമാറി വരുമ്പോഴും ഭരണം അതിന്റേതായ രീതിയില്‍ പോകണം. എന്നാല്‍, അത് എങ്ങനെ വേഗത്തിലാക്കാം, എങ്ങനെ കാര്യക്ഷമമാക്കാം, എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാക്കാം എന്നൊക്കെയുള്ള കാര്യങ്ങളില്‍ പുതിയ സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്.
സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കുവേണ്ടി എന്നുള്ളതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടി എന്നതാണ് ശരി. ഖജനാവിലേക്കുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെന്‍ഷന്‍ കാര്യങ്ങള്‍ക്കായി കാലങ്ങളായി ചെലവിടുന്നതുകൊണ്ടാവണം, ജീവനക്കാര്‍ക്കുവേണ്ടി നടത്തപ്പെടുന്ന സംവിധാനമാണ് സര്‍ക്കാര്‍ എന്ന ഒരു മനോഭാവം ബലപ്പെട്ടിട്ടുണ്ട്. അതു മാറണം, സേവനം പ്രതീക്ഷിച്ചുവരുന്ന സാധാരണക്കാരെ ആദരിക്കുന്ന മനോഭാവം വരണം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സെക്രട്ടേറിയറ്റിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഇവിടേക്ക് ആര്‍ക്കും ഒരു സങ്കോചവുമില്ലാതെ കടന്നുവന്ന് മുഖ്യമന്ത്രിയെയോ മറ്റു മന്ത്രിമാരേയോ കണ്ട് ആവലാതികള്‍ ബോധിപ്പിക്കാം. ആ ജനകീയ മുഖം നിലനില്‍ക്കണം. അഴിമതി നടത്തുന്നവര്‍ക്ക് ഒരുവിധത്തിലുള്ള സംരക്ഷണവും ഉണ്ടാകില്ല. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കാലതാമസം വരുത്തുന്നവര്‍ അതിനു മറുപടി നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സിവില്‍ സര്‍വീസ് നവീകരിക്കുന്നതിനു സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ഇ- ഗവേണന്‍സ്, ഇ-ഫയലിംഗ് മുതലായവയുടെ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കാന്‍ ശ്രമിക്കും. രണ്ടു മാസത്തിനുള്ളില്‍ ഇ-ഓഫീസ് സംവിധാനം പൂര്‍ണതോതിലാക്കും.
ജീവനക്കാരോടു യാതൊരു പ്രതികാര നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയില്ല. ജീവനക്കാരോടുള്ള സമീപനത്തില്‍ രാഷ്ട്രീയമുണ്ടാവില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിട്ട ചരിത്രം കേരളത്തിലുണ്ട്. പക്ഷേ, ഈ സര്‍ക്കാര്‍ അത്തരം സമീപനം സ്വീകരിക്കുകയില്ല. എന്നാല്‍, ഫയല്‍ താമസിപ്പിക്കുന്നവരെയും അകാരണമായ കാലതാമസത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നവരെയും സര്‍ക്കാര്‍ സഹായിക്കില്ല.
ജോലി സമയത്തെ അധിക മൊബൈല്‍ ഫോണ്‍ ഉപയോഗത്തോടും ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനോടും സര്‍ക്കാരിനു യോജിപ്പില്ല. എല്ലാത്തിലും ഉദ്യോഗസ്ഥര്‍ക്കു സ്വയം നിയന്ത്രണം വേണം.
സെക്രട്ടേറിയറ്റിലെ പൊതുജന സന്ദര്‍ശന സമയവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പരിശോധിച്ചതിനുശേഷം സന്ദര്‍ശന സമയം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സന്ദര്‍ശന സമയത്ത് ഔദ്യോഗിക ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതാണ്. അഴിമതി രഹിതവും സുതാര്യവുമായ നവകേരളം കെട്ടിപ്പടുക്കുന്നതിന് ഉദ്യോഗസ്ഥരുടെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























