സംശയമുന കൂട്ടുകാരിലേക്ക്.... മണിയുടേത് സ്വാഭാവിക മരണമല്ല; ശരീരത്തില്‍ മരണ കാരണമാകാവുന്ന അളവില്‍ മെഥനോളിന്റെ അംശം

ഒരിടവേളക്കുശേഷം കലാഭവന്‍ മണിയുടെ കേസില്‍ വീണ്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ജിഷ വധക്കേസിന് പിന്നാലെ മാധ്യമങ്ങള്‍ പായുന്നതിനിടയില്‍ മണിയുടെ കേസ് വിസ്മരിക്കപ്പെടുകയായിരുന്നു. മരണകാരണം എന്തെന്ന ഉത്തരം കിട്ടിയില്ലെങ്കിലും ദുരൂഹതയുടെ അംശം ഏകദേശം ഇല്ലാത്ത അവസ്ഥയിലായിരുന്നു. മുന്‍ ഡിജിപി സെന്‍കുമാറും അതേ നിഗമനത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസാകെ മാറിയിരിക്കുകയാണ്. മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ മെഥനോള്‍ എത്തിയിരുന്നതായി കണ്ടെത്തി. കേന്ദ്ര ലാബില്‍ നടത്തിയ രാസ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മരണ കാരണമാകാവുന്ന വിധത്തില്‍ മെഥനോള്‍ എത്തിയിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതാണ് സംശയത്തിനിട നല്‍കുന്നത്.
45 മില്ലിഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ എത്തിയിരുന്നതെന്ന് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
കലാഭവന്‍ മണിയുടെ ആന്തരീകാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് തള്ളുകയും ചെയ്തിരുന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ അംശം കണ്ടെത്തിയിരുന്നു.
ബിയര്‍ കഴിച്ചപ്പോള്‍ ഉണ്ടായ മെഥനോളിന്റെ സാന്നിധ്യമാണിത് എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. ബിയര്‍ കഴിച്ചാല്‍ ഉണ്ടാകാവുന്നതിനേക്കാള്‍ കൂടിയ അളവിലാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ കേന്ദ്ര ലാബില്‍ കണ്ടെത്തിയിരിക്കുന്നത്.
മണിയുടെ മരണത്തിന് മെഥനോളിന്റെ അംശം കാരണമായതായാണ് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മണിയുടെ ആന്തരികാവയവങ്ങളില്‍ എങ്ങനെ മെഥനോള്‍ എത്തിയെന്നതാണ് ഇനി വ്യക്തമാകേണ്ടത്. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിന്റെ ഇരട്ടി അളവാണ് ഇപ്പോള്‍ മെഥനോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വഭാവിക മരണത്തിനുള്ള സാധ്യത തള്ളിയിരിക്കുകയാണ് മെഡിക്കല്‍ സംഘം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു. ഓരോ ലാബിലും ഓരോ റിസല്‍ട്ട് ലഭിക്കുന്ന നടപടിയാണ് ആദ്യം അന്വേഷിക്കുന്നത്. കാരണം ഇത് കുറച്ചൊന്നുമല്ല പോലീസിനെ കുഴക്കുന്നത്. ഒപ്പം നാട്ടുകാരെയും.
അതേ സമയം. മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ വ്യാജമദ്യം എത്തിച്ചിരുന്നതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍. മണിയുടെ സഹായികളാണ് മദ്യം എത്തിച്ചിരുന്നത്. ഇവര്‍ മണിക്ക് ഇത് നല്‍കിയിട്ടുണ്ടാവാമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും സഹായികളെ വേണ്ടരീതിയില്‍ ചോദ്യം ചെയ്തില്ലെന്നും രാമകൃഷ്ണന്‍ ആരോപിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























