സമയോചിതമായ ഇടപെടല്‍: ഏഴു വയസ്സുകാരി രക്ഷിച്ചത് അമ്മയെയും കുഞ്ഞനുജത്തിയെയും

ഇന്നലെ വൈകിട്ട് പായിപ്ര പഞ്ചായത്തിലെ സൊസൈറ്റിപ്പടി തെക്കേക്കര നാലുസെന്റ് കോളനിയില്‍ കിണറ്റില്‍ വീണ ഒന്നര വയസുകാരിക്കും രക്ഷിക്കാന്‍ പിന്നാലെ ചാടിയ അമ്മക്കും തുണയായ ഏഴു വയസുകാരി നാടിന്റെ അഭിമാനമാകുന്നു. വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്.
തൃപ്പൂണിത്തുറ ഹില്‍പ്പാലസ് ജീവനക്കാരനായ തെക്കേക്കുടി സാബുവിന്റെ മകള്‍ തൃഷ (ഒന്നര), ഭാര്യ മഞ്ജു (28) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
സംഭവം കണ്ടുനിന്ന മറ്റൊരു മകള്‍ ഏഴു വയസുള്ള ശ്രാവല്‍ നടത്തിയ ശ്രമമാണ് ഇരുവരെയും
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇവരുടെ വീടിനോട് ചേര്‍ന്നാണ് കിണര്‍ സ്ഥിതി ചെയുന്നയത്. വരാന്തയിലെ അരഭിത്തിയോട് തൊട്ടു ചേര്‍ന്നാണ് കിണറിന്റെ സംരക്ഷണമതില്‍ നിര്‍മിച്ചിരിക്കുന്നത്. വരാന്തയിലിരുന്നാല്‍ ചുറ്റുമതിലില്‍ കൈയെത്തും. ഓടികളിക്കുന്നതിനിടയില്‍ അരഭിത്തിയില്‍ കയറിയ കുഞ്ഞ് കിണറിന്റെ സംരക്ഷണമതിലില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 25 അടി ആഴമുള്ള കിണറ്റില്‍ പതിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ മാതാവ് കുഞ്ഞ് കിണറ്റില്‍ കിടക്കുന്നത് കണ്ട് എടുത്തു ചാടി. മുങ്ങി താഴുകയായിരുന്ന കുഞ്ഞിനെ മാറോടണച്ച് ഒരുവിധം മുകള്‍പരപ്പിലെത്തിയ അമ്മ കിണറിന്റെ ഉള്‍ഭാഗത്തെ തിട്ടയില്‍ പിടിച്ചുനിന്നു. ഇതെല്ലാം കണ്ടുനിന്ന ശ്രാവല്‍ അമ്മയ്ക്കും കുഞ്ഞനുജത്തിക്കും കരയ്ക്കു കയറാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അലമുറയിട്ട് കരഞ്ഞ് അയല്‍വീടുകളിലേക്ക് ഓടുകയായിരുന്നു. പായിപ്ര സൊസൈറ്റിപ്പടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി വിജനമായ സ്ഥലത്താണ് നാലുസെന്റ് കോളനി സ്ഥിതി ചെയ്യുന്നത്.
നാലോ അഞ്ചോ വീടുകള്‍മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ സംഭവം മറ്റാരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുഞ്ഞിന്റെ അലറി കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വടം കിണറ്റിലേക്കിട്ട് മഞ്ജുവിനോട് അതില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ട് അമ്മയെയും കുഞ്ഞിനെയും കരയ്‌ക്കെത്തിച്ചു. ഇരുവര്‍ക്കും കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിരുന്നില്ല. വിവരം അറിഞ്ഞ് മൂവാറ്റുപുഴയില്‍നിന്ന് അഗ്‌നിശമനസേനയും സ്ഥലത്തെത്തി.
നാട്ടുകാര്‍ കിണറ്റില്‍നിന്ന് രക്ഷിച്ച അമ്മയെയും കുഞ്ഞിനേയും അഗ്‌നിശമനസേനയുടെ ആംബുലന്‍സില്‍ പിന്നീട് പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ സാബു സ്ഥലത്തുണ്ടായിരുന്നില്ല. ഏഴു വയസുകാരിയുടെ സമയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























