ഏഴു ത്രീ സ്റ്റാര്‍ ബാറുകള്‍ കൂടി ഫോര്‍ സ്റ്റാറാക്കിയ ശേഷം 110 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കും. കമ്മീഷനെ വച്ച് ബാര്‍ നിരോധനം പഠിച്ച ശേഷം തീരുമാനം

കുടിയന്‍മാരുടെ നല്ലകാലം വരുന്നു. ബാറുടമകള്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ എല്‍ഡിഎഫ്. മദ്യനയത്തില്‍ സമൂലമായ അഴിച്ചു പണിക്ക് ഇടത് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിച്ച് തീരുമാനം എടുക്കാനാണ് നീക്കം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങളും പരിശോധിക്കും. വ്യാജ മദ്യദുരന്ത സാധ്യതയെല്ലാം കണക്കിലെടുത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നീക്കം. നിലവില്‍ കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാറെന്ന നയമാണ് യുഡിഎഫ് കൊണ്ടു വന്നത്. എന്നാല്‍ ഇത് വേണ്ടത്ര പഠനം നടത്താതെയാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മും സിപിഐയും ഇതു സംബന്ധിച്ച ധാരണയില്‍ എത്തികഴിഞ്ഞു.
ഇതിന്റെ ആദ്യപടിയായി ഫോര്‍ സ്റ്റാറുകള്‍ക്കെല്ലാം ബാര്‍ ലൈസന്‍സ് നല്‍കും. 110 ഹോട്ടലുകളെ നവീകരിച്ച് ബാറുകളാക്കാനാണ് നീക്കം. ഏഴു ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി അറ്റകുറ്റപ്പണി നടത്തുകയാണ്. ഇതു പൂര്‍ത്തിയായ ശേഷം ഫോര്‍ സ്റ്റാറുകള്‍ക്ക് ബാറെന്ന നയത്തിലേക്ക് കാര്യങ്ങളെത്തിക്കും. അതിനിടെ ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സിപിഐ(എം). പാര്‍ട്ടി തലത്തില്‍ കമ്മിഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാര്‍വിഷയത്തില്‍ പൊതുജനാഭിപ്രായം തേടുന്നതിനും വിദേശമദ്യബാറുകള്‍ നിര്‍ത്തലാക്കിയശേഷമുള്ള മദ്യ ഉപയോഗത്തിന്റെ തോതിനെപ്പറ്റി പഠിക്കുന്നതിനുമാണു കമ്മിഷനെ നിയോഗിക്കുന്നത്.
നിലവില്‍ 103 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ ബാര്‍ ലൈസന്‍സാണ് യു.ഡി.എഫ്. സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ഇവ പുതുക്കി നല്‍കാമെന്ന ഉറപ്പ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്കു ലഭിച്ചതായി അറിയുന്നു. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഏഴു ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫോര്‍ സ്റ്റാറായി ഉയര്‍ത്തുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് ആദ്യഘട്ടത്തില്‍ അംഗീകരിക്കും. അതിന് ശേഷം നയം മാറ്റമാണ് പദ്ധതി. യു.ഡി.എഫ്. സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമാക്കി നിയന്ത്രിച്ച് 730 ഹോട്ടലുകളുടെയും റദ്ദാക്കിയിരുന്നു.
തുടക്കത്തില്‍ 24 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമായിരുന്നു ലൈസന്‍സ്. തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനു തൊട്ടുമുമ്പ് ഫൈവ് സ്റ്റാര്‍ പദവി നല്‍കി ഏഴു ബാറുകള്‍ക്കു കൂടി അനുവദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇതു വിവാദമായി. ബാറുകള്‍ പൂട്ടിയിട്ടില്ലെന്നാണ് സിപിഐ(എം) പ്രചരണത്തിലും വാദിച്ചിരുന്നത്. എല്ലായിടത്തും ബിയര്‍ പാര്‍ലറുണ്ട്. അതുകൊണ്ട് തന്നെ ബാര്‍ പൂട്ടിയെന്നത് സാങ്കേതികമായി മാത്രമേ ശരിയാകൂവെന്നാണ് ഇടത് വാദം. അടച്ചുപൂട്ടിയ ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണെങ്കിലും ഫോര്‍ സ്റ്റാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനുള്ള തീരുമാനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ വിവാദങ്ങളുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























