ഓണത്തിന് ബാറുകളിലെ വ്യാജമദ്യം, കരളിനോടൊപ്പം കണ്ണ് പോവാതിരിക്കാന്‍ നിരന്തരമായ റെയ്ഡുകള്‍ നടത്തി പരിശോധന ശക്തമാക്കാന്‍ തീരുമനം

ആഘോഷങ്ങള്‍ ഏതായാലും മലയാളികള്‍ക്ക് മദ്യമില്ലാതെ പറ്റില്ലെന്ന അവസ്ഥയായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് ഓണം പോലുള്ള വിശിഷ്ടാവധിക്കാലത്ത് മലയാളികള്‍ കുടിച്ചു മറിയുമെന്നുറപ്പാണ്. ബീവറേജുകളിലെയും, ബാറുകളിലെയും ഇക്കാലത്തെ കണക്കെടുത്തു കഴിഞ്ഞാല്‍ ഇത് മനസിലാകും. ഇത് മനസിലാക്കി കേരളത്തില്‍ വ്യാജമദ്യ ലോബികള്‍ വിളയാടാനുള്ള സാധ്യതയും കൂടുതലാണ്.
ഇതനുസരിച്ച് ഓണക്കാലത്ത് വ്യാജമദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബിയര്‍, വൈന്‍ പാര്‍ലറുകളിലും കള്ളുഷാപ്പുകളിലും നിരന്തരം സാമ്പിള്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണക്കാലത്ത് വ്യാജമദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്ന പൊലീസ്, എക്‌സൈസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ വീര്യമുള്ള പാനീയങ്ങള്‍ വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കുന്നത്. നിരോധിത രാസവസ്തുക്കള്‍ കള്ളില്‍ ചേര്‍ത്ത് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് എക്‌സൈസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുണ്ട്. അതിനാലാണ് ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്. പൊലീസും പരിശോധനയില്‍ സഹകരിക്കും.
അബ്കാരിക്കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കി ഇവരെ നിരീക്ഷിക്കുന്നതിനാണ് എക്‌സൈസ് സംഘം ഒരുങ്ങുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നത് തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ക്കശമാക്കി, കൂടുതല്‍ എക്‌സൈസ്- പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തും. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. അതിനായി കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഓരോ എക്‌സൈസ് റേഞ്ചിലുമുള്ള ബിയര്‍, വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകളില്‍ അനധികൃത മദ്യവില്‍പന നടക്കുന്നില്‌ളെന്ന് ഉറപ്പുവരുത്തണമെന്നും അത്തരം പ്രവര്‍ത്തനം തടയാനുള്ള നടപടി കൈക്കൊള്ളാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും എക്‌സൈസ് കമീഷണര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജമദ്യത്തിന്റെ വ്യാപനം തടയാന്‍ എക്‌സൈസ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചു.
https://www.facebook.com/Malayalivartha

























