ജേക്കബ് തോമസ് പലതും മനസ്സില്‍ ഉറപ്പിച്ചുള്ള കളി തന്നെ: ബെഹ്‌റ രണ്ടും മൂന്നും വട്ടം ഉത്തരവിറക്കിയിട്ടും വിജിലന്‍സ് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാതെ ജേക്കബ് തോമസ്

ഇത് ആള് വേറെ. കേസും, കേസന്വേഷണം നടക്കുമ്പോള്‍ സ്ഥലം മാറ്റമെന്ന ഓലപ്പാമ്പുമായി വരരുതെന്ന് ജേക്കബ് തോമസ്. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ തോന്നിയപോലെ സ്ഥലംമാറ്റാനാകില്ലെന്നു ലോക്‌നാഥ് ബെഹ്‌റയോടു തുറന്നടിച്ച വിജിലന്‍സ് ഡയറക്ടര്‍ തന്റെ അധികാരം സ്ഥാപിച്ചെടുക്കുകയാണ്. ഈ നിലപാട് ബെഹ്‌റയെ ജേക്കബ് തോമസ് രേഖാമൂലം അറിയിക്കുകയും ചെയ്തു. താക്കോല്‍സ്ഥാനങ്ങളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം കണക്കിലെടുത്താണു തന്ത്രപ്രധാനമേഖലകളില്‍ കാര്‍ക്കശ്യക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ച് ബെഹ്‌റ ഉത്തരവിറക്കിയത്. എന്നാല്‍, രാഷ്ട്രീയക്കാരെ സ്വാധീനിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റം നേടുന്നത് അനുവദിക്കാനാകില്ലെന്ന് ജേക്കബ് തോമസ് ഉറച്ച നിലപാടെടുത്തു. ഇതോടെ ബെഹ്‌റ പിന്മാറി.
ജേക്കബ് തോമസിന്റെ ഇടപെടലിനെ തുടര്‍ന്ന് വിജിലന്‍സില്‍ മൂന്നുവര്‍ഷം തികയ്ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടതില്ലെന്നു ബെഹ്‌റയും ഉത്തരവിറക്കി. വിജിലന്‍സ്അഴിമതിവിരുദ്ധ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന 21 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റിക്കൊണ്ടു ബെഹ്‌റ ഒന്നിലധികം തവണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂരടക്കം രാഷ്ട്രീയസംഘര്‍ഷജില്ലകളില്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്തായിരുന്നു ഇത്. ഇത് ജേക്കബ് തോമസ് അംഗീകരിച്ചില്ല. വിജിലന്‍സിലെത്തി മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ഒരുകാരണവശാലും ക്രമസമാധാനപാലനമടക്കം മറ്റു യൂണിറ്റുകളിലേക്കു സ്ഥലംമാറ്റാനാകില്ലെന്ന കടുത്തനിലപാടിലായിരുന്നു ജേക്കബ് തോമസ്. ഒടുവില്‍ ഇത് ബെഹ്‌റയും അംഗീകരിച്ചു.
മുന്മന്ത്രി കെ. ബാബു ഉള്‍പ്പെടെ അഴിമതി ആരോപണവിധേയരായ നിരവധി നേതാക്കള്‍ക്കെതിരേ മുഖംനോക്കാതെ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണു സ്ഥലംമാറ്റം സംബന്ധിച്ചു ജേക്കബ് തോമസിന്റെ നിര്‍ണായകനിലപാട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും വന്നുകയറിപ്പോകാനുള്ള ലാവണമല്ല വിജിലന്‍സെന്നും ഗൗരവമേറിയ നിരവധി കേസുകളുടെ അന്വേഷണമാണ് ഇവിടെ നടക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. താന്‍ റദ്ദാക്കിയ ഉത്തരവ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാരുടെ ഭാവി ശോഭനമായിരിക്കില്ലെന്നു ജേക്കബ് തോമസ് മുന്നറിയിപ്പു നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫീസും ജേക്കബ് തോമസിന് അനുകൂലമായ നിലപാടാണ് എടുത്തത്. ഇതും ഉത്തരവ് പിന്‍വലിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കി. വിജിലന്‍സ് ഡയറക്ടറായ ഉടന്‍ ജേക്കബ് തോമസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്. എന്നാല്‍ ഉടന്‍ സ്ഥലം മാ്റ്റ ഉത്തരവ് എത്തുകയായിരുന്നു. ഇതാണ് വിവാദമാക്കിയത്.
https://www.facebook.com/Malayalivartha

























