ലോക്കറുകള്‍ തുറക്കുമ്പോള്‍ അടുക്കുന്നത് കോഴയിടപാടുകളോട്, കെ ബാബുവിന്റെ മകളുടെ ലോക്കറില്‍ നിന്നും ഇന്ന് കണ്ടെടുത്തത് 100 പവനിലേറെ സ്വര്‍ണ്ണം

കെ.ബാബുവിനെതിരായ കേസുമായി ബന്ധപ്പട്ടു എറണാകുളം തമ്മനത്തെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ നൂറു പവനിലധികം സ്വര്‍ണമാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത്. ഇന്നു കൊച്ചി തമ്മനം പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ ലോക്കര്‍ പരിശോധിച്ചപ്പോഴാണ് നൂറിലേറെ പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തത്. തമ്മനത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ഐശ്വര്യയുടെ ലോക്കറില്‍നിന്ന് 117 പവന്‍ കണ്ടെത്തിയിരുന്നു.
മൂത്തമകള്‍ ആതിരയ്ക്ക് തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലെ ലോക്കറില്‍നിന്ന് 39 പവനും കിട്ടിയിരുന്നു. ഇതോടെ കെ ബാബുവിന്റെ കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുസമ്പാദ്യം സംബന്ധിച്ചു വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ കിട്ടിയതായാണു സൂചന.
കെ ബാബുവിന്റെയും ബിനാമികളുടെയും കൊച്ചിയിലെ വീടുകളിലും മക്കളുടെ കൊച്ചിയിലെയും തൊടുപുഴയിലെയും വീടുകളിലും നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും കിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍നിന്നു പല സ്വത്തുരേഖകളും കണ്ടെത്തിയതായും സൂചനയുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച ബാബുവിന്റെയും രണ്ട് മക്കളുടേയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടേയും വീടുകളിളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ന് ബാങ്കുകളിലെ പരിശോധന.
കുടുംബസ്വത്തിന്റെ ഭാഗമാണ് ഇന്നു കണ്ടെത്തിയ സ്വര്‍ണമെന്നു ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവ് വിപിന്‍ പറഞ്ഞു. പ്രഥമിക പരിശോധനയില്ലാതെയാണു വിജിലന്‍സ് ലോക്കര്‍ പരിശോധിച്ചതെന്നും വിപിന്‍ ആരോപിച്ചു. നിയമവിരുദ്ധ നടപടികളാണ് വിജിലന്‍സ് സ്വീകരിക്കുന്നതെന്നും കൃത്യമായി അന്വേഷിക്കാതെ കെ.ബാബുവിന്റെ ബന്ധുക്കളെ തേജോവധം ചെയ്യുന്നുവെന്നും പരാതിപ്പെട്ടു വിജിലന്‍സിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നു കെ.ബാബുവിന്റെ മരുമകന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























