ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് ശാഖപ്രവര്‍ത്തനം നിരോധിക്കുമെന്ന് സര്‍ക്കാര്‍

ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസിന്റെ ശാഖാ പ്രവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. ഇത് സംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശത്തിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്നതാണ് ദേവസ്വത്തിന്റെ നിലപാട്.
സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമാവുന്ന രീതിയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ ശ്രമിക്കുന്നത്. കേരള പോലീസ് ആക്ടിലെ വകുപ്പനുസരിച്ച് മതസ്ഥാപനങ്ങളില്‍ ആയുധം പരിശീലനം നടത്തരുതെന്ന് നിയമമുണ്ടെന്നും നിയമ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസിന്റെ ശാഖാപ്രവര്‍ത്തനം തടയുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. അമ്പലങ്ങളിലെ ആര്‍.എസ്.എസ് ശാഖകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്ന ഉറപ്പാണ് മന്ത്രി നല്‍കിയിരുന്നത്.
ആര്‍.എസ്.എസ് അമ്പലങ്ങളില്‍ കായിക പരിശീലനം നടത്തിയാല്‍ തടയുമെന്ന് കോടിയേരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ എത്തിയാല്‍ ഐ.എസ് പള്ളിയിലെത്തുമെന്നും ഏതെങ്കിലും ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍.എസ്.എസ് ശാഖ നടത്തിയാല്‍ സി.പി.ഐ.എം റെഡ് വാളണ്ടിയര്‍മാര്‍ ഇത് തടയുമെന്നും കോടിയേരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























