തുല്യതാ ക്ലാസിന്? നന്ദി; അരുണ്‍ ഇനി ടെയ്‌ലറല്ല, ഡോ. അരുണ്‍ കെ. യാദവ്

പരിശ്രമം നല്‍കിയ വിജയം.നാട്ടക്കല്ലിലെ അരുണ്‍ ഇനി ടെയ്‌ലറല്ല, ഡോ. അരുണ്‍ കെ. യാദവാണ്. ഇതിന് നന്ദിപറയേണ്ടത് സംസ്ഥാന സാക്ഷരതാമിഷന്റെ തുല്യതാ പഠന ക്‌ളാസിനോടും. ഏഴാം ക്‌ളാസില്‍ പഠനം നിര്‍ത്തി ടെയ്‌ലറിങ് തൊഴിലാളിയാകേണ്ടിവന്ന ബളാല്‍ പഞ്ചായത്ത് മാലോം നാട്ടക്കല്ലിലെ കാഞ്ഞിരങ്ങാട്ട് അരുണ്‍ ജീവിതപ്രതിസന്ധികളോട് പൊരുതിയാണ് ആയുര്‍വേദ ഡോക്ടറായത്. ചെറുപ്പത്തിലേ അച്ഛന്‍ ഉപേക്ഷിച്ചുപോയതിനാല്‍ അമ്മ ഓമന കൂലിപ്പണിയെടുത്താണ് അരുണിന്റെ പഠനത്തിനും വീടുപുലര്‍ത്താനും വക കണ്ടത്തെിയിരുന്നത്. വീട്ടിലെ ദാരിദ്ര്യത്തിനൊപ്പം അമ്മക്ക് അസുഖവും ബാധിച്ചതോടെ 13ാം വയസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്നു. അതിനുശേഷം ടെയ്‌ലറിങ് പഠിച്ചു. മാലോത്തെ തുണിക്കടയിലും വീട്ടിലുമിരുന്ന് അഞ്ചു കൊല്ലത്തോളം തുന്നല്‍പ്പണിയെടുത്തു. നാട്ടുവൈദ്യനായ മുത്തച്ഛന്റെ സാമീപ്യം ചെറുപ്പം മുതല്‍ ചികിത്സയോട് താല്‍പര്യമുണ്ടാക്കിയിരുന്നു.
അയല്‍വാസിയായ അധ്യാപികയാണ് 10ാംതരം തുല്യതാ പരീക്ഷയെഴുതാനും ആയുര്‍വേദപഠനം നടത്താനും പ്രേരണ നല്‍കിയത്. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ പരപ്പയിലെ സ്‌കൂളില്‍ ആരംഭിച്ച തുല്യതാ ക്‌ളാസില്‍ ചേര്‍ന്നു. അവധിദിവസങ്ങളിലും രാത്രിയിലുമായി ഒരുവര്‍ഷത്തോളം പഠിച്ച് പത്താംതരം യോഗ്യതനേടി. പിന്നീട് ഓപണ്‍ സ്‌കൂള്‍ മുഖേന പ്‌ളസ് ടു കോഴ്‌സ് കഴിഞ്ഞാണ് സ്വകാര്യ ആയുര്‍വേദ കോളജില്‍ ബി.എ.എം.എസ് പ്രവേശം നേടിയത്. തുന്നല്‍പ്പണിയെടുത്താണ് പഠനത്തിന് പണം കണ്ടത്തെിയത്. അവധി ദിവസങ്ങളിലും ക്‌ളാസുള്ള ദിവസങ്ങളില്‍ രാത്രിയിലും വീട്ടിലിരുന്ന് ജോലിചെയ്തു.
നാലരവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ വെള്ളരിക്കുണ്ടിലെ ആയുര്‍വേദ ക്‌ളിനിക്കില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ്. മലയോരഗ്രാമമായ ജന്മനാട്ടില്‍തന്നെ ചികിത്സാകേന്ദ്രം ആരംഭിക്കണമെന്നാണ് അരുണിന്റെ ആഗ്രഹം. തുല്യതാ പരീക്ഷയാണ് തനിക്ക് പുതിയൊരു വഴി തുറന്നുതന്നതെന്ന് അരുണ്‍ പറയുന്നു. ജീവിതത്തില്‍ കൂട്ടായിനിന്ന പഴയ തയ്യല്‍ മെഷീന്‍ ഉപേക്ഷിച്ചിട്ടില്ല.
https://www.facebook.com/Malayalivartha