അവസാനം അതിനും തെളിവില്ല, മകളെ നഷ്ടപ്പെട്ട അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കോടതിയും തുണയായില്ല, സൗമ്യയെ ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നു

സൗമ്യ വധക്കേസില്‍ സുപ്രധാന വഴിത്തിരിവായി സുപ്രീം കോടതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം കിട്ടാതെ പതറി പ്രോസിക്യൂഷന്‍. സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ണായകമായ ചോദ്യങ്ങള്‍ പ്രോസിക്യൂഷന് മുന്നണില്‍ നിരത്തിയത്. ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോ അതോ സൗമ്യ സ്വയം ചാടിയതാണോ എന്നു കോടതി ചോദിച്ചു. അതേസമയം, തലയ്‌ക്കേറ്റ പരുക്കാണ് സൗമ്യയുടെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രെയിനില്‍നിന്നു വീണതുമൂലമുണ്ടായ പരുക്കാണിത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനു കൃത്യമായ വിശദീകരണം നല്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല.മറ്റു വാദങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും കൊലപാതകം മാത്രം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യ ട്രെയിനില്‍ നിന്ന് ചാടി എന്നാണ് സാക്ഷിമൊഴികള്‍. കൊന്നത് ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കണമെന്നും ഊഹാപോഹങ്ങള്‍ കോടതിക്ക് മുന്നില്‍ നിരത്തരുതെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വച്ചാണ് സൗമ്യയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ എറണാകുളത്തു നിന്ന് ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കയറിയ ഗോവിന്ദച്ചാമി വള്ളത്തോള്‍ നഗറില്‍ വെച്ചു ട്രെയിനില്‍ നിന്നു തള്ളിയിട്ടു പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ട്രെയിനില്‍നിന്നു വീണ സൗമ്യയ്ക്കു പിന്നാലെ ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. പാളത്തില്‍ പരുക്കേറ്റു കിടന്ന സൗമ്യയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപം കിടത്തി പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം സൗമ്യയുടെ മൊബൈല്‍ ഫോണും പഴ്സിലെ പൈസയും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടെന്നും പൊലീസ് അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അവിടെക്കിടന്ന സൗമ്യയെ പിന്നീടു പരിസരവാസികള്‍ കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിനു പാലക്കാട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരുക്കേറ്റ സൗമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. കേസില്‍ വിചാരണകോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷയ്ക്കു പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. തുടര്‍ന്നാണ് ഗോവിന്ദച്ചാമി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്‍പില്‍ ഉത്തരമില്ലാത്ത അവസ്ഥയിലായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിന്നത്.
അതേസമയം കോടതിയുടെ പരാമര്‍ശത്തില്‍ മനം നൊന്ത് സൗമ്യയുടെ അമ്മ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനെതിരെ പൊട്ടിത്തെറിച്ചു. ആരാണ് ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്തവന് വേണ്ടി കോടതിയില്‍ വാദിക്കുന്നതെന്നു സൗമ്യയുടെ അമ്മ കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ചോദിച്ചു.
https://www.facebook.com/Malayalivartha