ആശയത്തെ നേരിടാന്‍ കഴിയാത്തവര്‍ കൊഞ്ഞനം കുത്തുന്നത് ശരിയല്ല, ഇതാണ് മറുപടിയിലെ മാന്യത, എം.എ ബേബിക്ക് മറുപടിയുമായി ജോയ് മാത്യു

പണിമുടക്കിനെ കുറിച്ച് മലയാള മനോരമയിലും, തന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് വഴിയും കഴിഞ്ഞ ദിവസം പ്രശസ്ത നടനും നാടകകൃത്തുമായ ജോയ് മാത്യു വിമര്‍ശനം അറിയിച്ചുകൊണ്ട് ലേഖനം എഴുതിയിരുന്നു. ഇതിനു മറുപടിയായി കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യുറോ അംഗവും മുന്‍ മന്ത്രിയുമായ എം എ ബേബി ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരുന്നു. രണ്ടാം തീയതിലെ പണിമുടക്കിനെ വിമര്‍ശിച്ചവര്‍ക്കു മറുപടിയെന്നോണം 'പണിമുടക്കും വിമര്‍ശകരും' എന്ന പേരിലാണ് എംഎ ബേബി മറുപടി ലേഖനമെഴുതിയത്.
പണിമുടക്കിനെ വിമര്‍ശിച്ച ജോയ് മാത്യുവിനെ വിമര്‍ശിച്ച് പലരും രംഗത്ത് വരികയും ചെയ്തിരുന്നു. തന്നെ വിമര്‍ശിച്ച പലരുണ്ടെങ്കിലും എംഎ ബേബിയുടേത് മാന്യമായ രീതിയാണെന്ന് ജോയ് മാത്യു പറയുന്നു. 'ഇതാണ് മറുപടിയിലെ മാന്യത, വിയോജിപ്പുകളെ തങ്ങളുടെ നിലപാടുകളില്‍ നിന്നുകൊണ്ട് ആശയപരമായി നേരിടുന്ന ജനാധിപത്യ രീതിയാണിതെന്നും'ജോയ് മാത്യു തന്റെ ഫെയ്സ് ബുക് പേജില്‍ എഴുതി.
ആശയത്തെ ആശയപരമായി നേരിടാന്‍ കെല്‍പില്ലാത്തതിനാല്‍ കൊഞ്ഞനം കുത്തുന്നത് കാടന്‍ രീതിയാണെന്നും ജോയ് മാത്യു പറഞ്ഞു. പണിമുടക്ക്, ഹര്‍ത്താല്‍ എന്നീ കാര്യങ്ങളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചക്ക് ഒരു സധാരണക്കാരനായ തന്റെ വര്‍ത്തമാനം ഇടയാക്കി എന്നതില്‍ സന്തോഷമുണ്ട്. എം എ ബേബി പറഞ്ഞ പല കാര്യങ്ങളോടും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ യോജിപ്പുകള്‍ ഉണ്ടെന്നും ജോയ് മാത്യു പറയുന്നു.
പൊതുപണിമുടക്കിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന തൊഴിലാളി സംഘടന ഏതാണെന്നറിയാന്‍ തനിക്ക് അങ്ങേയറ്റം ആഗ്രഹമുണ്ടെന്നും സമരത്തിലെങ്കിലും ഒരു പുതുമ ആര്‍ക്കാണ് കൊണ്ടുവരാന്‍ കഴിയുക എന്ന് ജോയ് മാത്യു ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha