പൊളിറ്റിക്കല്‍ ഫണ്ട് പിരിച്ചതും ബാബു വിഴുങ്ങി, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചു നല്‍കിയ കോടികള്‍ കെ. ബാബു മുക്കിയതായി തെളിവ്

വിജിലന്‍സ് റെയ്ഡിലൂടെ ബാബുവിന്റെ അനധികൃത സ്വത്തു സമ്പാദനവും നിക്ഷേപവും ബിനാമി ഇടപാടുകളിലുടെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ബാബുവിന് ബന്ധമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. മുന്‍മന്ത്രി കെ ബാബുവിന് കോഴ നല്‍കാന്‍ പൊളിറ്റിക്കല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍നിന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പണം പിരിച്ചുവെന്ന് വിജിലന്‍സിന് തെളിവ് ലഭിച്ചു. അസോസിയേഷന്‍ മിനിറ്റ്‌സ്, ബാറുടമകളുടെ സംഭാഷണമടങ്ങിയ സിഡി, ബാറുടമകള്‍ നേരത്തെ നല്‍കിയ മൊഴി എന്നിവയില്‍നിന്നാണ് വിജിലന്‍സിന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.പൊളിറ്റിക്കല്‍ ഫണ്ട് പിരിച്ചതായി പറയുന്ന അസോസിയേഷന്റെ മിനിറ്റ്‌സ് നേരത്തെതന്നെ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ശബ്ദരേഖയടങ്ങിയ സിഡി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചിരുന്നു. കെ ബാബുവിന് പണം നല്‍കിയതായി ബാറുടമകള്‍ വ്യക്തമായി പറയുന്നത് സിഡിയിലുണ്ട്. ബാറുടമകളുടെ ശബ്ദരേഖയടങ്ങിയ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഡിവിഡിയും സംഭാഷണം റെക്കോഡ് ചെയ്യാനുപയോഗിച്ച മൊബൈല്‍ഫോണുമാണ് വിജിലന്‍സിന്റെ കൈവശമുള്ളത്.
ഫോണില്‍ വിവിധ സമയങ്ങളില്‍ റെക്കോഡ് ചെയ്ത 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണമുണ്ട്. ഇതില്‍ രണ്ടിലും കെ ബാബുവിന് പണം നല്‍കിയെന്ന് പറയുന്നുണ്ട്. നേരത്തെ കോടതിക്ക് കൈമാറിയ ഫോണ്‍ ഇപ്പോള്‍ വിജിലന്‍സിന്റെ കൈവശമാണുള്ളത്. ഈ ശബ്ദരേഖ പരിശോധിക്കണമെന്ന് വിജിലന്‍സ് കോടതി പറഞ്ഞിരുന്നെങ്കിലും കെ എം മാണിക്കെതിരായ തുരന്വേഷണവും കെ ബാബുവിനെതിരായ രണ്ട് മുന്‍ അന്വേഷണങ്ങളും അവഗണിച്ചിരുന്നു.
2012-13 പ്രീ ബജറ്റ് ചര്‍ച്ചയ്ക്കുശേഷം ഉദ്യോഗസ്ഥരെ ഒഴിവാക്കി ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി കെ ബാബു രഹസ്യയോഗം ചേര്‍ന്നിരുന്നു. ഫീസ് നിരക്ക് 25 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പ്രീ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞപ്പോള്‍ 23 ലക്ഷമാക്കി കുറയ്ക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു രഹസ്യയോഗം. അന്നുതന്നെ സെക്രട്ടറിയറ്റിന് സമീപത്തെ ഹോട്ടല്‍ മൌര്യയില്‍ ചേര്‍ന്ന അസോസിയേഷന്‍ ഭാരവാഹിയോഗം പണം പിരിക്കാന്‍ തീരുമാനിച്ചു. പൊളിറ്റിക്കല്‍ ഫണ്ട് എന്ന പേരില്‍ പണം പിരിക്കാനായിരുന്നു തീരുമാനം. 2014 നവംബര്‍ ആറിന് കൊച്ചിയിലെ ഹോട്ടല്‍ യുവറാണിയില്‍ നടന്ന അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഇക്കാര്യം എലഗന്റ് ബിനോയി സ്ഥിരീകരിച്ചതായും വിജിലന്‍സിന് വിവരം ലഭിച്ചു.
കെ എം മാണിക്ക് നല്‍കാന്‍ പിരിച്ച 'ലീഗല്‍ ഫണ്ടി'ന് പുറമെയായിരുന്നു ബാബുവിന് നല്‍കാന്‍ പൊളിറ്റിക്കല്‍ ഫണ്ട് പിരിച്ചത്. ബാര്‍ലൈസന്‍സ് ഫീസ് കൂട്ടാനുള്ള തീരുമാനം മാറ്റുന്നതിന് മന്ത്രിക്ക് 10 കോടി രൂപ നല്‍കാനായി ഒരുലക്ഷം രൂപ വീതം ബാറുടമകളില്‍നിന്ന് പിരിച്ചുവെന്നാണ് അസോസിയേഷന്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha