മെഡിക്കല്‍ പ്രവേശനം: സമരം നിര്‍ത്തി പ്രതിപക്ഷം നിയമനിര്‍മ്മാണത്തിനു സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

അടുത്ത വര്‍ഷം മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും മെരിറ്റ് അടിസ്ഥാനത്തിലും കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ ഫീസില്‍ പഠനം ഉറപ്പാക്കിയും നടത്താന്‍ പ്രതിപക്ഷം കൂടി സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി നിയമനിര്‍മ്മാണം ആവശ്യമെങ്കില്‍ അതുണ്ടാകും. ഇക്കാര്യത്തില്‍ പ്രതിപക്ഷം സഹകരിക്കണം. സമരം നിര്‍ത്തി സര്‍ക്കാരിനൊപ്പം നില്‍ക്കണം. അവര്‍ അഭ്യര്‍ത്ഥിച്ചു.
ഇക്കൊല്ലം കാര്യങ്ങള്‍ സുതാര്യമായാണ് നടന്നത്. ഹൈക്കോടതി വിധിയോടെ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ സാഹചര്യം വന്നു. അവര്‍ക്ക് മുഴുവന്‍ പ്രവേശനവും നടത്താമെന്ന സ്ഥിതി വന്നു. അതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ ശ്രമം വിജയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിച്ചു.പക്ഷെ അനുകൂല വിധി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല.
ഒരു പക്ഷെ ശരിവെച്ചേക്കാം എന്നാണു നിയമ വിദഗ്ധര്‍ പറഞ്ഞത്. ആ 'ഒരു പക്ഷെ' പരീക്ഷിക്കാവുന്ന സ്ഥിതി ആയിരുന്നില്ല. സെപ്തംബര്‍ മുപ്പതിനകം പ്രവേശനം പൂര്‍ത്തിയാക്കണമായിരുന്നു. തീയതി നീട്ടിക്കിട്ടുമെന്നും പ്രതീക്ഷിയ്ക്കാന്‍ വയ്യായിരുന്നു. പ്രവേശനമാകെ അവതാളത്തിലാകും എന്ന സ്ഥിതി വന്നു. അതുകൊണ്ടാണ് മാനേജ്‌മെന്റുകളുമായി ധാരണയുണ്ടാക്കി മെച്ചപ്പെട്ട പ്രവേശന സംവിധാനം കൊണ്ടുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha