ജേക്കബ് തോമസേ വല്ലപ്പോഴും ഭരണസിരാകേന്ദ്രം വഴി വരില്ലേ; കാണാം വല്ലാത്ത നേരമ്പോക്ക് കാഴ്ച്ചകള്‍

ജോലി സമയത്ത് സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയ വിജിലന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ ജേക്കബ് തോമസിനോട് ഒരപേക്ഷ. അങ്ങ് സെക്രട്ടേറിയേറ്റിലേയ്‌ക്കൊന്നു പോകണം. പോലീസും പട്ടാളവും ഒന്നുമില്ലാതെ ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്. അങ്ങയെ ചാനലില്‍ കണ്ടു പരിചയം കാണുമെങ്കിലും പെട്ടെന്ന് തിരിച്ചറിയാന്‍ സാധ്യതയില്ല.
പോകുന്നത് സെക്രട്ടേറിയേറ്റിലെ പരമ പ്രധാന വകുപ്പുകളായ ധനകാര്യം,നിയമം,തുടങ്ങിയവ വഴിയാകുന്നത് കൊണ്ടു തെറ്റില്ല. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ പാസ് ആയി വമ്പന്‍ ശമ്പളത്തോടെ ജോലിയ്ക്കു നിയോഗിയ്ക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പരസ്യമായി സര്‍ക്കാര്‍ കമ്പ്യൂട്ടറില്‍ ഫേസ്ബുക്കും അത്തരം സോഷ്യല്‍ മീഡിയ സാമഗ്രികളും കൈകാര്യം ചെയ്യുന്നത് അങ്ങേയ്ക്കു കാണാനാവും.
ഒരു കാലത്തും ആര്‍ക്കും തൊടാന്‍ സാധിയ്ക്കാത്തവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പിണറായി ഭരിച്ചാലും ഉമ്മന്‍ചാണ്ടി ഭരിച്ചാലും ഇതില്‍ വ്യത്യാസം കാണാനാവില്ല. അവര്‍ക്കു സെക്രട്ടേറിയേറ്റില്‍ പ്രത്യേക ജോലിയൊന്നുമില്ല. അങ്ങനെയിരിക്കുമ്പോള്‍ ഏതെങ്കിലും പാവപ്പെട്ടവന്റെ ഫയല്‍ വരും.അത് ഒരിക്കലും നടക്കരുതേയെന്ന മനോഭാവത്തോടെയായിരിക്കും പരിശോധിയ്ക്കുക.പരിശോധന പുരോഗമിയ്ക്കുന്നതിനൊടുവില്‍ ഒരിക്കലും നടക്കാന്‍ സാധിയ്ക്കാത്ത തരത്തില്‍ രണ്ടു ക്യുറി ഇടും. ക്യുറി വെറും ക്യുറി അല്ല. നല്ല ഒന്നാം തരാം തടസ്സമാകും.
ഇത്തരം ഉദ്യോഗസ്ഥര്‍ ഉള്ളത് കാരണമാണ് വെള്ളറടയില്‍ ഒരു വില്ലജ് ഓഫീസ് ഒരാള്‍ തീയിട്ടു നശിപ്പിച്ചത്. സെക്രട്ടേറിയേറ്റില്‍ മാത്രമല്ല സംസ്ഥാനത്തെ ഒട്ടു മിക്ക ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥ.
ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ നടപടി എടുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇത്തരം ഉമ്മാക്കികള്‍ കണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പേടിക്കില്ലെന്നു പറയാനാണ് അങ്ങയെ സെകട്ടേറിയേറ്റിലേയ്ക്ക് ക്ഷണിച്ചത്. കെ എം മാണിയ്ക്കും കെ ബാബുവിനും പിന്നാലെ നടക്കുന്നതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ കൂടി അങ്ങ് ശ്രദ്ധിയ്‌ക്കേണ്ടിയിരിക്കുന്നു. കാരണം സെക്രട്ടേറിയേറ്റിലെ താപ്പാനകള്‍ ഫേസ്ബുക് ഓപ്പറേറ്റ് ചെയ്യുന്നത് പോലെ ഫയല്‍ നോക്കിയാല്‍ ധാരാളം പാവങ്ങള്‍ക്ക് കുറുക്കു വീഴും. പാവപ്പെട്ടവരുടെ കാര്യം കൂടി നോക്കണം സര്‍ .പാവപ്പെട്ടവരാണല്ലോ പിണറായിയെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കിയത്. അങ്ങനാണല്ലേ താങ്കളും ആ സ്ഥാനത്തെത്തിയത്.
https://www.facebook.com/Malayalivartha