മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കു സസ്‌പെന്‍ഷന്‍

കൊച്ചി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജ്, ഒന്നാം വര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ഥി ഡോ.ബിനോ ജോസ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
കണ്ണൂര്‍ മാലൂര്‍ ശിവപുരം ആയിഷാ മന്‍സിലില്‍ കെ.എ. അബൂട്ടിയുടെ മകളും രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയുമായ ഷംന തസ്‌നീം(22) ആണ് മരിച്ചത്. മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരിയമ്മ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഷംനയെ പരിശോധിച്ചതു ഡോ. ജില്‍സും സംഭവ ദിവസം വാര്‍ഡിന്റെ ചുമതല ഉണ്ടായിരുന്നത് ഡോ. ബിനോയ്ക്കുമായിരുന്നു.
കടുത്ത പനിയെത്തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയോടെ ആശുപത്രിയിലെത്തിയ ഷംനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാല്‍ നാലാം നിലയിലെ വാര്‍ഡിലേക്കു കൊണ്ടുപോയി. അവിടെ വച്ചാണ് കുത്തിവയ്പ് നല്‍കിയത്. കുത്തിവയ്പിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണു മരണകാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ജില്‍സ് ജോര്‍ജ് എന്നും ഷംനയ്ക്കു ഹൃദയാഘാതത്തിനു കാരണമായ സെട്രിയാക്‌സോണ്‍ കുത്തിവയ്പിനു നിര്‍ദേശിച്ചത് ഇദ്ദേഹമാണെന്നും ഡ്യൂട്ടി സമയം കഴിഞ്ഞു പോകുമ്പോള്‍ അഡ്മിറ്റ് ചെയ്ത രോഗിയെക്കുറിച്ച് അടുത്ത ഷിഫ്റ്റിലുള്ള ഡോക്ടര്‍ക്കു വിവരം നല്‍കിയില്ലെന്നും രോഗവിവരം കൃത്യമായി മനസിലാക്കാതെ കുത്തിവയ്‌പ്പെടുത്തെന്നുമാണു പ്രധാന ആരോപണങ്ങള്‍.
വകുപ്പുതല അന്വേഷണത്തില്‍ സഹപാഠികളില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നും മൂന്നംഗ സമിതി മൊഴിയെടുത്തിരുന്നു. യാതൊരു വിധത്തിലുമുള്ള ചികിത്സപ്പിഴവും ഉണ്ടായിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. സഹപാഠികള്‍ പറയുന്നതു പോലെ ഹൃദയാഘാതം വന്നശേഷം ഐസിയുവില്‍ എത്തിക്കാന്‍ വൈകിയില്ലെന്നും മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ പറയുന്നു.
ആരോഗ്യമന്ത്രി നിയമിച്ച ഉന്നത സംഘത്തിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഷംനയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് രണ്ടു ഡോക്ടര്‍മാര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha
























