മാനന്തവാടിയില്‍ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം ബൈക്കിലിലെത്തി തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍

ബൈക്കിലെത്തി ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം തട്ടിയ സംഭവത്തില്‍ മൂന്ന് പേര്‍ മാനന്തവാടി പോലീസിന്റെ പിടിയിലായി. പഞ്ചാരക്കൊല്ലി സ്വദേശികളായ ചോലക്കുന്നില്‍ അബ്ദുള്‍ അസീസ് (44), പടുവില്‍ അനസ്(24), കമ്മന എടവത്ത് മീത്തല്‍ പ്രണവ് (19) എന്നിവരാണ് പിടിയിലായത്. കേരള ഗ്രാമീണ്‍ ബാങ്ക് മാനന്തവാടി ശാഖ കളക്ഷന്‍ ഏജന്റ് പാണ്ടിക്കടവ് കാവുങ്കല്‍ സോമന്‍ സെപ്തംബര്‍ 20 ന് സന്ധ്യക്ക് വീട്ടിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു.
68,840 രൂപയും മൊബൈല്‍ ഫോണും ബാഗില്‍ ഉണ്ടായിരുന്നു. ഫോണ്‍ പിന്നീട് പീച്ചംങ്കോട് വച്ച് വഴിയരികില്‍ നിന്നും ലഭിച്ചു. പെയിന്റിംഗ് തൊഴിലിനിടെയാണ് പ്രതികള്‍ മൂവരും പരിചയപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ആലോചനയിലാണ് സോമനെ ലക്ഷ്യമിട്ടത് അഞ്ച് ദിവസത്തോളം ഇവര്‍ സോമനെ നിരീക്ഷിച്ചു. ഇതിന് മുമ്പ് ഒരു തവണ പണം തട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും ശ്രമം തുടര്‍ന്നു.
സംഭവ ദിവസം സോമന്‍ കയറിയ ബസില്‍ അസീസും കയറി വിവരങ്ങള്‍ മറ്റ് രണ്ട് പേര്‍ക്കും കൈമാറി.
ഇതനുസരിച്ച് പ്രണവ് ബൈക്ക് ഓടിക്കുകയും അനസ് ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. സൂക്ഷ്മമായ അന്വോഷണത്തിലൂടെയാണ് പ്രതികള്‍ വലയിലായത്. ഇവര്‍ മറ്റ് മോഷണ കേസ്സുകളിലും ഉള്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി എസ്.ഐ.വിനോദ് വലിയാറ്റൂര്‍, അഡീഷണല്‍ എസ്.ഐ. ഉബൈദ്, സി.പി.ഒമാരായ മനു അഗസ്റ്റിയന്‍, വി.കെ. മനേഷ് കുമാര്‍, സാജന്‍ എന്നിവരും ജില്ലാ പോലീസ് മേധാവിയുടെയും സി.ഐയുടെയും സ്പെഷ്യല്‍ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























