ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി കോടികളുടെ കൊള്ള : വിജിലന്‍സ് അന്വേഷണം തുടങ്ങി

200 കോടി രൂപ ചെലവിട്ട്, സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവരസാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തുടങ്ങി. ഉയര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അഴിമതിക്കു പിന്നിലെന്നാണ്്് ആരോപണം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇ-ഗവേണ്‍സ് നടപ്പാക്കാന്‍ തീരുമാനിച്ചത് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനായാണ്. വിവിധ സര്‍വകലാശാലകളിലേക്കും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളജുകളിലേക്കുമാണ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ സര്‍ക്കാരാണു നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തി ഒരു സ്വകാര്യ സ്ഥാപനത്തിനു കരാര്‍ ഉറപ്പിച്ചത്.
പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, കേരള) എതിര്‍പ്പ് മറികടന്നായിരുന്നു ഈ തീവെട്ടിക്കൊള്ള. ഇ-ഗവേണന്‍സ് നടപ്പാക്കാന്‍ അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഏതാണെന്നു നിശ്ചയിക്കുന്നതിനുമുമ്പ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലുള്ള എതിര്‍പ്പ് ഐ.ഐ.ടി.എം.കെ. രേഖാമൂലം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അന്നേ അറിയിച്ചിരുന്നു.
്‌നിലവാരം കുറഞ്ഞതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതുമായ ചൈനീസ് ഉപകരണങ്ങള്‍ വിപണിവിലയുടെ മൂന്നും നാലും ഇരട്ടി നല്‍കി വാങ്ങിക്കൂട്ടിയത് ഐ.ഐ.ടി.എം.കെ യുടെ എതിര്‍പ്പ് അവഗണിച്ചാണ്. കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെയാണു കരാര്‍ ഉറപ്പിച്ചതെന്നാണ്്് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഇതേ ചൈനീസ് കമ്പനിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ തന്നെ 1,000 കോടി രൂപ അടങ്കലുള്ള മറ്റൊരു പദ്ധതിയില്‍ (റൂസ) ഇതുപോലെ വാങ്ങി നല്‍കിയിട്ടുണ്ട്. അവ കൊണ്ടുവന്ന പെട്ടി ഗുണമേന്മാ പരിശോധനയ്ക്കായി ഒന്നുതുറക്കുക പോലും ചെയ്യാതെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കമ്പനിക്കു തിടുക്കത്തില്‍ പണം നല്‍കുകയായിരുന്നു.
അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച അതേ ഉദ്യോഗസ്ഥനെയാണ് മറ്റു വകുപ്പുകളിലും ഈ പദ്ധതി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. വിവര സാങ്കേതിക മേഖലയിലെ വിദഗ്ധര്‍ ഈ കരാറിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു അധ്യാപകനെയാണ് ഇതിനായി നിയോഗിച്ചത്. ഒരു എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം അധ്യാപകന്‍ എന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാനയോഗ്യത. മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയാണ് ഈ വിവാദ നിയമനം. കോളജ് വിദ്യാഭ്യാസ വകുപ്പിലാകട്ടെ ഈ പദ്ധതിയുടെ നടത്തിപ്പു ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കായികാധ്യാപകനെയാണ്!
സര്‍വകലാശാലകളില്‍ വിര്‍ച്വല്‍ ടെക്‌നോളജി നടപ്പാക്കാന്‍ വേണ്ടിയുള്ള സോഫ്റ്റ്‌വേര്‍ വാങ്ങുന്ന കോടികളുടെ ഇടപാടിനും ഇവരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത് എന്നതിലാണു ദുരൂഹത. ഇടതുസര്‍ക്കാരും ഇതേ അഴിമതിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇതേ വകുപ്പില്‍ ഇതേ സാങ്കേതികവിദ്യ വെറും അഞ്ചു ലക്ഷം രൂപ ചെലവിട്ട് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു മറച്ചുവച്ചാണ് പുതിയ ഇടപാടിനു ശ്രമിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇടപെട്ട ഇടപാടായതിനാല്‍ വളരെ ഗൗരവത്തോടെയാണ് വിജിലന്‍സ് ഈ കരാര്‍ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha
























