ഈ തട്ടിപ്പിന്റെ ഉസ്താദിനെ നമിക്കണം; തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് അരക്കോടി

വിമാനവും കാബറയും വിഷ്ണുവിന്റെ വീക്കനെസ്. കാര്യം തട്ടിപ്പാണെങ്കിലും അതിനൊരു വല്ലാത്ത കഴിവുതന്നെ വേണം. അതില്‍ വിഷ്ണുവിനെ നമിക്കാതെ വയ്യ. തിരുവല്ലത്ത് ട്രഷറിയില്‍ ഒടുക്കാനായി നല്‍കിയ 56 ലക്ഷം രൂപ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ കോവളം കോളിയൂര്‍ മുട്ടയ്ക്കാട് പുളിമൂട്ട് മേലെവീട്ടില്‍ വിഷ്ണുവും (23) ചില ജീവനക്കാരും പിടിയിലായതോടെ പുറത്തുവന്നത് അവിശ്വസനീയമായ കഥയാണ്. നാലുമാസങ്ങള്‍ക്കുള്ളില്‍ ഒന്നും രണ്ടുമല്ല അരക്കോടി രൂപയാണ് വിഷ്ണു തട്ടിയത്. ഈ പണം താന്‍ തനിച്ചാണ് ചെലവഴിച്ചതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. സ്വന്തമായി ബൈക്കോ വാഹനങ്ങളോ ഇല്ലാത്ത വിഷ്ണു നാട്ടില്‍ ഓട്ടോയിലാണ് സദാ കറക്കം. ബംഗളുരു, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ വിമാനത്തില്‍ യാത്ര. വന്‍കിട ഹോട്ടലുകളിലെ സ്യൂട്ട് റൂമുകളിലാണ് ഉറക്കം. കണക്കില്‍ കവിഞ്ഞ് പണം കൈവന്നതോടെ മദ്യപാനം ശീലമാക്കി. കേരളം വിട്ടാല്‍ രണ്ട് പെഗ് അടിച്ച് കാബറെ കാണും. ഇത്തരത്തില്‍ അടിച്ചുപൊളിച്ചാണ് അരക്കോടിയോളം രൂപ ചെലവഴിച്ചതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞിരിക്കുന്നത്.
പഌ് ടുവിന് ശേഷം പഠനം നിര്‍ത്തിയതാണ് വിഷ്ണു. പിന്നീട് മുട്ടയ്ക്കാട് ഗവ.ആയൂര്‍വേദ ആശുപത്രി റോഡില്‍ വര്‍ഷങ്ങളായി പിതാവ് വിജയന്റെ പേരിലുള്ള ആധാരമെഴുത്ത് ഓഫീസില്‍ സഹായിയായി. ആധാരമെഴുത്തുകാരുടെ സംഘടനാ നേതാവായിരുന്ന പിതാവ് വൃക്കരോഗം ബാധിച്ച് കിടപ്പിലായതോടെ പിതൃ സഹോദരനായിരുന്നു ആധാരമെഴുത്ത് നടത്തിയിരുന്നത്. കൊച്ചച്ഛനെ സഹായിക്കാനായി ദിവസവും രാവിലെ വിഷ്ണു ഓഫീസിലെത്തും. ആ പരിചയത്തില്‍ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുമായി സൗഹൃദത്തിലായി. പിന്നീട് ഓഫീസലെ പ്രധാന കാര്യക്കാരന്‍. അങ്ങനെ ജീവനക്കാരനെ പോലെ വിഷ്ണുമാറി.
രണ്ട് ഓഫീസ് അസിസ്റ്റന്റുമാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ട്രഷറിയില്‍ പോയാല്‍ രണ്ടാമന്‍ സബ് രജിസ്ട്രാറെ സഹായിക്കാനായി ബഞ്ചില്‍ വേണം. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരുടെ ഫോട്ടോയും ഐ.ഡി കാര്‍ഡും രേഖകളും ഒത്തുനോക്കലും രജിസ്‌ട്രേഷന്‍ ഫീസ് എണ്ണി തിട്ടപ്പെടുത്തലും ആധാരത്തില്‍ വിരലടയാളം പതിക്കലുമൊക്കെയാണ് രണ്ടാമന്റെ പണി. പതുക്കെ ഈ പണി വിഷ്ണുവിന്റേതായി. അര്‍ക്കും എന്തു സഹായവും ചെയ്യും. അങ്ങനെ ഓഫീസിലെ ഒരു സ്റ്റാഫ് തന്നെയായി വിഷ്ണു മാറി. വിഷ്ണുവില്ലാത്ത ഒരു ദിവസത്തെ കുറിച്ച ചിന്തിക്കാനാവുകുയുമിില്ല.
ഇതിനിടെ ആധാരമെഴുത്ത് ലൈസന്‍സിയോ വെണ്ടറോ അല്ലാത്ത ഒരാളെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കസേരയിട്ട് ഇരുത്തിയത് തിരുവല്ലത്തെ മുതിര്‍ന്ന ആധാരമെഴുത്തുകാര്‍ ചോദ്യം ചെയ്തു. സ്ഥലം മാറിപ്പോയ വനിതാ സബ് രജിസ്ട്രാറുടെ കാലത്താണ് ട്രഷറി ഇടപാടുകള്‍ക്ക് വിഷ്ണുവിനെ ആദ്യം നിയോഗിച്ചത്. എഴുത്തിന്റെയും ഫീസടവിന്റെയും തോത് അനുസരിച്ച് ഓരോ ദിവസവും ട്രഷറിയില്‍ ഒടുക്കേണ്ട തുക വ്യത്യസ്തമായിരിക്കും. ചില ദിവസം ഒരുലക്ഷത്തില്‍ താഴെയാണ് തുകയെങ്കില്‍ ചിലപ്പോള്‍ ഇത് മൂന്നും നാലും ലക്ഷം രൂപവരെയുണ്ടാകും. ഇതെല്ലാം വിഷ്ണു കൈകാര്യം ചെയ്യാന്‍ തുടങ്ങി. തുടക്കത്തില്‍ കൃത്യമായി പണം ട്രഷറിയിലൊടുക്കി രസീത് ജീവനക്കാര്‍ക്ക് കൈമാറിയിരുന്ന വിഷ്ണുവിനെ ജീവനക്കാര്‍ അതിയായി വിശ്വസിച്ചു. ട്രഷറിയില്‍ പണം ഒടുക്കുന്ന രസീതുകള്‍ ജീവനക്കാര്‍ പരിശോധിക്കാന്‍ മെനക്കെടുന്നില്ലെന്ന് മനസിലാക്കി വിഷ്ണു തട്ടിപ്പിന് തുടക്കമിട്ടു.
ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു ഇത്. പണം ഒടുക്കുമ്പോള്‍ പേയ്‌മെന്റ് സഌപ്പില്‍ പതിക്കുന്ന വിഴിഞ്ഞം എസ്.ബി.ടിയുടെ സീല്‍ വ്യാജമായി നിര്‍മ്മിച്ചു. ഇതുപയോഗിച്ച് ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് വിഷ്ണു തട്ടിപ്പിന്റെ ആദ്യപരീക്ഷണം നടത്തിയത്. വിഴിഞ്ഞം സബ് ട്രഷറിയിലെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടില്‍ പണം ഒടുക്കാതെ ബാങ്കിലെ പേയ് മെന്റ് സഌപ്പില്‍ തുക രേഖപ്പെടുത്തി വ്യാജ സീല്‍ പതിച്ച് പണം അടച്ചെന്ന വ്യാജേന സബ് രജിസ്ട്രാര്‍ക്ക് കൈമാറി. രജിസ്ട്രാര്‍ യാതൊരു സംശയവും കൂടാതെ അത് ഓഫീസിലെ രേഖകളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയതോടെ തുടര്‍ച്ചയായി ലക്ഷങ്ങളുടെ വെട്ടിപ്പ് തുടങ്ങി. സംശയം തോന്നിയതോടെ പരാതിയായി. അങ്ങനെ വിഷ്ണുവിന്റെ കള്ളി പൊളിഞ്ഞു.
മിക്ക ദിവസങ്ങളിലും ചില ജീവനക്കാരുമൊത്ത് മദ്യപാനത്തിനും സല്‍ക്കാരങ്ങള്‍ക്കുമായി ആധാരമെഴുത്ത് ഓഫീസിലും സമീപത്തെ ഒരു ഹോട്ടലിലും വിഷ്ണു തമ്പടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിഷ്ണുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവനക്കാര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിന് പുറത്തേക്ക് നിരന്തരം ടൂറുപോകുന്ന വിഷ്ണു ബംഗളുരുപോലുള്ള മെട്രോ നഗരങ്ങളില്‍ തട്ടിപ്പ് നടത്തിയ പണം നിക്ഷേപിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. വിഷ്ണുവിന്റെ മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ സൈബര്‍ സഹായത്തോടെ ശേഖരിച്ച് പണം ചെലവായ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ തട്ടിച്ച പണം കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha
























