മത്സ്യവും മാംസവും മയക്കുമരുന്നു പോലെയന്ന് വിദ്യാഭ്യാസമന്ത്രി; വിമര്‍ശനം ശക്തമായതോടെ വാക്കുവിഴുങ്ങി; താന്‍ ഉദ്ദേശിച്ചതങ്ങനല്ലെന്ന് വിശദീകരണം

മത്സ്യം, മാംസം, മുട്ട തുടങ്ങിയവ ഭക്ഷണങ്ങളെ മദ്യത്തോടും മയക്കുമരുന്നിനോടുമുപമിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'മയക്കുമരുന്ന് കുട്ടികളില്‍; പ്രശ്‌നങ്ങളും പരിഹാരവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് മലയാളികളില്‍ 90 ശതമാനത്തിലധികം വരുന്ന മിശ്രഭുക്കുകളെ തരംതാഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന രവീന്ദ്ര നാഥ് നടത്തിയത്. പ്രകൃതിയില്‍ നിന്നുള്ള ഭക്ഷണമില്ലാതെ മറ്റൊന്നും കഴിക്കരുതെന്നും മത്സ്യം, മാംസം, മുട്ട, പുകയില, മയക്കമരുന്ന്, മദ്യം എന്നിവയുടെ രുചി തനിക്കറിയില്ലെന്നും പ്രസംഗ മധ്യേ രവീന്ദ്രനാഥ് പറഞ്ഞു.
സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങളോട് സാമ്യതയുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധത്തിന് കാരണമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. പൊരിച്ച മാംസത്തെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും എണ്ണയില്‍പ്പൊരിച്ച മത്സ്യം, മാംസം തുടങ്ങിയവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ കഴിക്കുന്നതിലൂടെ നാഢീവ്യൂഹത്തിന് തകരാറുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പെടെ നിരവധി പേരാണ് രവീന്ദ്രനാഥിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. 'മത്സ്യത്തെയും മാംസത്തെയും മദ്യത്തോടും മയക്കുമരുന്നിനോടും താരതമ്യപ്പെടുത്തുന്നതിലൂടെ കേരള വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സംഘികളുടെ താളത്തിന് തുള്ളുകയാണ്. പ്രൊഫസര്‍, താങ്കള്‍ മാര്‍ക്‌സിസ്റ്റാണോ? എന്റെ പാത്രത്തിലേക്ക് ഒളിഞ്ഞു നോക്കരുത്' എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാംസം ഭക്ഷിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോഴാണ്, അതിന് കുടപിടിക്കുന്ന രീതിയില്‍ മന്ത്രി പ്രസംഗിച്ചത്. ഇടതുപക്ഷ അനുകൂലികള്‍ അടക്കം നിരവധി പേര്‍ ഇതിനകം മന്ത്രിക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha
























