അധികാര ദുര്‍വിനിയോഗത്തിലൂടെ അനധികൃത സ്വത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ ഇന്നു വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും

ബാര്‍ ലൈസന്‍സ് നല്‍കിയതിലും ചില ബാറുകള്‍ക്കു സമീപത്തെ ബവ്‌കോ മദ്യക്കടകള്‍ അടച്ചു പൂട്ടിയതിലും അഴിമതിയാരോപിച്ചുള്ള പരാതിയില്‍ മുന്‍ മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം െചയ്യും. മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ നല്‍കിയ നോട്ടീസ് പ്രകാരം ബാബു ഇന്ന് ഹാജരാകും. രാവിലെ എറണാകുളം കതൃക്കടവിലെ ഓഫീസിലാകും നടപടികള്‍. കഴിഞ്ഞ ദിവസവും കേസില്‍ ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബാര്‍ ലൈസന്‍സ് നല്‍കാനുള്ള എക്‌സൈസ് കമ്മിഷണറുടെ അധികാരത്തില്‍ കൈകടത്തി, ചില ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതു മനഃപൂര്‍വം താമസിപ്പിച്ചു, ഇഷ്ടക്കാരുടെ ബീയര്‍ പാര്‍ലറുകള്‍ക്കു സമീപത്തെ ബവ്‌കോ ഔട്ട്‌ലറ്റുകള്‍ പൂട്ടി ഒത്താശ ചെയ്തുകൊടുത്തു തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. എറണാകുളം റേഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി ഡിവൈഎസ്പി ഫിറോസ് എം.ഷെഫീക്കിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ആവശ്യമെങ്കില്‍ വീണ്ടും ബാബുവിന്റെ മൊഴിയെടുക്കുമെന്നു വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ബാബുവിന്റെയും അടുപ്പക്കാരുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് സ്വത്തുക്കളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. രണ്ട് മക്കളുടെയും ബെനാമികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും വീടുകളില്‍ നിന്ന് അന്ന് പിടിച്ചെടുത്ത രേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള പരിശോധനകളായിരുന്നു ഇതുവരെ. കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകളിലും വിജിലന്‍സ് പരിശോധനകള്‍ നടത്തിയിരുന്നു.
അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിജിലന്‍സ് ഇന്ന് നിലപാടറിയിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് രേഖാമൂലം മറുപടി നല്‍കുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവിധ വകുപ്പുകളിലേക്ക് നടന്ന മുഴുവന്‍ നിയമനങ്ങളും അന്വേഷണ പരിധിയിലാണെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാടറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha


























