ചെന്നിത്തല പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രമേതാണ്; ഉമ്മന്റെ വീഴ്ചയില്‍ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ

രമേശ് ചെന്നിത്തല പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രമേതാണ്? എന്തിനാണെന്നു ചോദിക്കരുത് അവിടെയൊന്നു പോയി പ്രാര്‍ത്ഥിക്കാനാണ്.ചെന്നിത്തല തിരുവനന്തപുരത്തെ കോട്ടൂരിലുള്ള തമ്പുരാന്‍ ക്ഷേത്രത്തിലേയ്‌ക്കെങ്ങാനും പോയോ എന്നും ചോദിക്കുന്നവരുണ്ട് അവിടെ ചെന്ന് ആരെയെങ്കിലും മനസില്‍ കരുതി കുറ്റിയടിച്ചാല്‍ അവന്റെ കാര്യം പോക്ക്. അതായത് പിന്നെ കുറ്റിയും പിഴുതു കൊണ്ട് പോകാനായില്ലെന്നു ചുരുക്കം.
ഇല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഇങ്ങനെ വരുമോ? എങ്ങനെ നടന്ന ആളാണ് കേരളം മുഴുവന്‍ കൈയില്‍ വച്ച് അമ്മാനമാടിയില്ലേ എന്തൊക്കെയായിരുന്നു പുകില്‍. സരിത നായര്‍, ജനസമ്പര്‍ക്കം, കുഞ്ഞൂണ് കഥകള്‍, ക്വട്ടേഷന്‍, സമരം പൊളിക്കല്‍.... ദൈവമേ എന്തൊക്കെയായിരുന്നു ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ നമ്മുടെ മാണിസാറിനെയും കുഞ്ഞിക്കയുമൊക്കെ ഒടിച്ചു മടക്കി പോക്കറ്റിലിട്ടില്ലേ?
ഏപ്രിലില്‍ തുടങ്ങിയ കഷ്ടകാലമാണ്. ഇതിയാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നു പറഞ്ഞു നടന്നു. അപ്പോഴതാ വരുന്നു കൊണ്ടു പിടിച്ച തോല്‍വി. പ്രതിപക്ഷ നേതാവ് ആകേണ്ടെന്നു മുമ്പേ പറഞ്ഞതിനാല്‍ രക്ഷപ്പെട്ടു ബസില്‍ കയറി സഞ്ചരിക്കുമൊക്കെ പറഞ്ഞു.
ചാണ്ടിച്ചായന്‍ കാണിക്കുന്നതൊക്കെ നമ്പരാണെന്ന് ആര്‍ക്കാ അറിയാത്തത് ? കെ.പി.സി.സി. പ്രസിഡന്റാകാന്‍ വരെ ശ്രമിച്ചു. വരുണ്‍ഗാന്ധിയല്ലല്ലോ രാഹുല്‍ഗാന്ധി. ചാണ്ടി മറിമായങ്ങള്‍ മുന്‍കൂട്ടി കണ്ട് സുധീരനുമായി ചേര്‍ന്ന് വെട്ടി.
ഇപ്പോഴിതാ ഏതോ ഒരു കുരുവിള ചാണ്ടിച്ചായനെ പൂട്ടി. 1.60 കോടി നല്‍കാനാണ് കോടതി ഉത്തരവ്. തന്നെ കേള്‍ക്കാതെയുള്ള വിധിയാണെന്നൊക്കെ പറയാമെങ്കിലും പറയാനല്ലേ കഴിയൂ, കോടതിയുടെ കാര്യമല്ലേ പറഞ്ഞാല്‍ വല്ലതും നടക്കുമോ
രമേശ് ചെന്നിത്തലയുടെ പ്രഖ്യാപിത ശത്രുവാണ് ഉമ്മന്‍ചാണ്ടി. ഏതമ്പലത്തില്‍ പ്രാര്‍ത്ഥിച്ചാലും അതിനു ഫലമുണ്ടാകുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. മനസില്‍ നന്മ വേണം. കള്ളത്തരം ആരു കാണിച്ചാലും ഒരിക്കല്‍ പിടിക്കും അതെല്ലാവരും ഓര്‍ത്തിരിക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha

























