വിജിലന്‍സ് ഡയറക്ടറുടെ നടപടികള്‍, മുഖ്യമന്ത്രിയും ധനമന്ത്രിയും കൊമ്പുകോര്‍ക്കുന്നു, കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് എത്തിയത് ചേരിപ്പോര് മന്ത്രിസഭയിലേക്കും വ്യാപിക്കുന്നതിന്റെ സൂചന

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണ വിധേയനായ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് രംഗത്തെത്തിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് മന്ത്രിസഭയിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വിജിലിന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയോടുള്ള പരോക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസഭയിലും പാര്‍ട്ടിക്കുള്ളിലും രംഗത്തെത്തിയെന്നാണ് പുതിയ വിവരം.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പിന്തുണയുള്ള വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനമന്ത്രി നിലപാട് ഇന്നലെ മാധ്യമങ്ങള്‍ക്ക് പിന്നില്‍ തുറന്ന് പറഞ്ഞത്.
അഴിമതിക്കെതിരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥനാണ് എബ്രഹാമെന്ന് തോമസ് ഐസക് പറഞ്ഞു. അഴിമതിക്കെതിരെ എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ച ചരിത്രമാണ് കെ.എം.എബ്രഹാമിനുള്ളത്. കേരളത്തിലെ മുന്‍ സര്‍ക്കാരിന്റെ കാലത്തായാലും കേന്ദ്രത്തിലായിരുന്നപ്പോഴുമെല്ലാം എബ്രഹാം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. എബ്രഹാമിന്റെ അഴിമതിവിരുദ്ധ നിലപാട് സഹാറ കേസില്‍ തെളിഞ്ഞതാണ്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ സഹാറയുടെ കൈയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 20,000 കോടി രൂപയാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
ഐ.എ.എസ് തലപ്പത്തുള്ളവരെ വ്യക്തിവിരോധത്തിന്റെ പേരില്‍ വേട്ടയാടുന്ന ജേക്കബ് തോമസിനെതിരെയുള്ള ഒളിയമ്പാണ് ഐസക്കിന്റെ പ്രസ്താവന. വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിക്കുന്ന ധനമന്ത്രി ഇക്കാര്യത്തില്‍ ലക്ഷ്യംവയ്ക്കുന്നത് മുഖ്യമന്ത്രിയെയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന വിജിലന്‍സ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഐ.എ.എസ് തലപ്പത്തുള്ളവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിസഹകരണത്തിന്റെ പാതയിലാണ്. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ മെല്ലെ പോക്ക് നയമാണ് കൈക്കൊള്ളുന്നത്.
ആരോപണ വിധേയനായതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ തയ്യാറായ കെ.എം.എബ്രഹാമിനെ പിന്തിരിപ്പിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്. ഈ സാഹചര്യത്തില്‍ കെ.എം.എബ്രഹാമിന്റെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡ് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തോമസ് ഐസക്ക് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോടുള്ള പരസ്യമായ അതൃപ്തിയാണ് ഐസക്ക് പ്രകടിപ്പിച്ചത്. അതേസമയം കെ.എം.എബ്രഹാമിന്റെ വസതിയിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സൂപ്രണ്ട് രാജേന്ദ്രനെ ബലിയാടാക്കാനുള്ള ജേക്കബ് തോസിന്റെ നീക്കത്തില്‍ വിജിലന്‍സില്‍ പ്രതിഷേധം ശക്തമാകുകയാണ്. വിജിലന്‍സ് എസ്.പി.രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന താന്‍ അറിയാതെയാണെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാട്. തുടര്‍ന്ന് രാജേന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
മുഖം രക്ഷിക്കാന്‍ ജേക്കബ് തോമസ് സഹപ്രവര്‍ത്തകരെ തള്ളിപ്പറയുകയാണെന്ന് ഒരു വിഭാഗം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കെ.എം.എബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് എബ്രാഹാമിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ധനമന്ത്രി വിജിലന്‍സിന്റെ നടപടിയെ വിമര്‍ശിച്ചതോടെ ഇക്കാര്യത്തില്‍ ജേക്കബ് തോമസ് ഒറ്റപ്പെടുകയാണ്.
https://www.facebook.com/Malayalivartha

























