സംസ്ഥാനത്തെ വരള്‍ച്ചാബാധിതപ്രദേശമായി പ്രഖ്യാപിച്ചു; ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. വിഷയം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 69 ശതമാനത്തിന്റെയും കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു. അടുത്ത രണ്ടുമാസം നല്ല മഴ ലഭിച്ചാലും സംസ്ഥാനം കനത്ത വരള്‍ച്ചയെ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
വരള്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി വിവരങ്ങള്‍ ശേഖരിക്കും. വരള്‍ച്ച രൂക്ഷമായ എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി കുടിവെള്ള വിതരണം നടത്തും. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 26 ഇന നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ജലദൗര്‍ലഭ്യം മൂലം കുടിവെള്ളക്ഷാമവും വൈദ്യുതി പ്രതിസന്ധിയും കൃഷിനാശവുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വി.എസ്. ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കിയത്. വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ കേന്ദ്രസഹായം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.
സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചതോടെ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്‍ വരും. ജപ്തി നടപടികള്‍ ഒഴിവാക്കുകയും വായ്പകള്‍ പുനര്‍ക്രമീകരിക്കുകയും ചെയ്യും. തുടര്‍ന്നു സംസ്ഥാനം സമര്‍പ്പിക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വരള്‍ച്ചാ കെടുതികള്‍ വിലയിരുത്തും. അതിനു ശേഷമായിരിക്കും കേന്ദ്രസഹായം ലഭിക്കുക.
കഴിഞ്ഞ ദിവസം തലസ്ഥാനത്തു ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ വരള്‍ച്ചാ പ്രശ്‌നം ഗൗരവ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളെയും നവംബറില്‍ മറ്റു ജില്ലകളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കണമെന്ന വിലയിരുത്തലിലായിരുന്നു യോഗം പിരിഞ്ഞത്.
https://www.facebook.com/Malayalivartha

























