വിചാരണ നടക്കാനിരിക്കെ തുടരന്വേഷണമാവശ്യപ്പെട്ട ഹര്‍ജി കോടതിയില്‍, ജിഷയുടെ പിതാവിന്റെ ഹര്‍ജിയില്‍ പോലീസിനെ വെട്ടിലാക്കുന്ന ആരോപണങ്ങള്‍, പാപ്പുവിന്റെ പരാതിക്കു പിന്നിലുള്ളതാര് ?

ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലക്കേസിലെ വാദം ബുധനാഴ്ച ആരംഭിക്കാനിരിക്കെ ജിഷയുടെ പിതാവ് കോടതിയില്‍. ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിജിഷയുടെ പിതാവ് പാപ്പുവാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റപത്രത്തിലെയും പോസ്റ്റ്‌മോര്‍ട്ടത്തിലെയും മരണസമയം സംബന്ധിച്ച് ദുരൂഹതകള്‍ ഉണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് പാപ്പു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ജിഷ വധക്കേസില്‍ പ്രതിയെന്നു പോലീസ് കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിനെതിരെയുള്ള വാദം ബുധനാഴ്ച്ച തുടങ്ങാനിരിക്കെ ജിഷയുടെ പിതാവിനുമേല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചു കോടതിയില്‍ ഇത്തരത്തിലൊരു ഹര്‍ജി നല്കിയിരിക്കുന്നതാവാമെന്നാണ് കരുതുന്നത്. കേസിനെയോ വിചാരണയെപ്പറ്റിയോ കൂടുതല്‍ അറിവില്ലാത്ത ജിഷയുടെ പിതാവിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ബുധനാഴ്ച്ച വിചാരണ ആരംഭിക്കുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഒരു കേസ് ഫയല്‍ ചെയ്ത് വിചാരണ നീട്ടികൊണ്ടു പോകാനും പ്രതി അമീറിനെ രക്ഷപ്പെടുത്താനുമുള്ള നിഗൂഢ ലക്ഷ്യങ്ങള്‍ പരാതിക്കു പിന്നിലുണ്ടാവാം. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രതി അമീറുല്‍ ഇസ്‌ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസ് വാദം വിശ്വസിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജിഷ വധക്കേസിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി കോടതി പരിഗണിച്ചാല്‍ കേസില്‍ തുടരന്വേഷണം നടത്തേണ്ട ഗതി വന്നാല്‍ പോലീസ് വീണ്ടും വെട്ടിലാകും. പോലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഹര്‍ജി, ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ളവര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പരക്കെ വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിനാല്‍ തന്നെ ജിഷയുടെ പിതാവ് പാപ്പു നല്‍കിയിരിക്കുന്ന ഹര്‍ജി നാളെ പരിഗണിക്കുമ്പോള്‍, കോടതിയുടെ ഉത്തരവ് കേസില്‍ വീണ്ടുമൊരു വഴിത്തിരിവായേക്കുമോ എന്ന് കണ്ടറിയണം. നേരത്തെ ജിഷ ഒരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിന്റെ മകളാണെന്ന വാദവുമായി ജോമോന്‍ പുത്തന്‍പുരക്കല്‍ രംഗത്ത് വന്നിരുന്നു. ഇത് വെറും രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള ആരോപണമായി പിന്നീട് മാറിയിരുന്നു.
https://www.facebook.com/Malayalivartha

























