പെന്‍ഡ്രൈവും കത്തും കേസിനെ വഴിതെറ്റിക്കാന്‍ ഉപേക്ഷിച്ചത്, സ്‌ഫോടനത്തിന്റെ പിന്നിലെ ലക്ഷ്യം കളക്ടര്‍ ഷൈനാമോള്‍, കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ വരുന്നു

മലപ്പുറം കളക്ടറേറ്റ് സ്ഫോടനത്തിന് പിന്നില്‍ ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണമെന്ന് അന്വേഷണസംഘം.കളക്ടറേറ്റില്‍ നടത്തിയ സ്‌ഫോടനത്തിന്റെ പിന്നില്‍ ബേസ് മൂവ്മെന്റിന്റെ പേരില്‍ ഒരു പൊതി കണ്ടെടുത്തതും, ഉപേക്ഷിച്ച പെന്‍ഡ്രൈവും കത്തും കേസിനെ വഴി തിരിക്കാന്‍ സ്‌ഫോടനം നടത്തിയവര്‍ ഉപേക്ഷിച്ചതെന്നു കരുതുന്നു. കൊല്ലം കളക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് നിഗമനം. കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടക്കുമ്പോള്‍ കളക്ടറായിരുന്ന ഷൈനാമോള്‍ തന്നെയാണ് മലപ്പുറത്ത് സ്‌ഫോടനം നടക്കുമ്പോള്‍ എന്നത് ശ്രദ്ധേയമാണ്. കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി ഉള്‍പ്പടെ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും. പൊലീസ് അന്വേഷണം ആരംഭിച്ചതായും ഈ ഘട്ടത്തില്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനാകില്ലെന്നും ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു അതീവഗൗരവ സ്വഭാവത്തോടെയാണ് മലപ്പുറം കേസ് പൊലീസ് കൈകാര്യം ചെയ്യുന്നത്.
സ്ഫോടനം നടന്ന കാറിന് സമീപത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം എങ്കിലും പദ്ധതി പ്രകാരം ഉപേക്ഷിച്ചതിനാല്‍ തന്നെ പെന്‍ഡ്രൈവില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാനിടയില്ല എന്ന് വേണം കരുതാന്‍. ആന്ധ്ര ചിറ്റൂര്‍ കോടതി വളപ്പിലെ സ്ഫോടനത്തിന് ശേഷവും സംഘടനയുടെ പേരില്‍ സംഭവ സ്ഥലത്ത് നിന്നും പൊലീസിന് കത്ത് ലഭിച്ചിരുന്നു. അതിനാലാണ് സ്‌ഫോടനത്തിന് പിന്നില്‍ ബേസ് മൂവ്‌മെന്റ് ആണെന്ന് അന്വേഷണ സംഘം കരുതുന്നത്. യുപിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖാലാക്കിനെ കുറിച്ചാണ് ലഭിച്ച പെട്ടിയിലെ ഇംഗ്ലീഷിലുള്ള ലഘുലേഖയില്‍ പറയുന്നത്. അഖ്ലാക്കിന്റെ കൊലപാതകം കോടതികള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയെന്നു ലഘുലേഖയില്‍ പറയുന്നു. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. അല്‍ ഖായിദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും ലഘുലേഖയിലുണ്ട്.
എന്നാല്‍ അന്വേഷണ സംഘം സ്ഫോടനത്തിന് പിന്നില് അല്‍ ഖ്വെയ്ദയുടെ ഇന്ത്യന്‍ രൂപമായ ബേസ് മൂവ്മെന്റ് ആണെന്നാണ് പ്രാഥമീക നിഗമനത്തില്‍ എത്തിയത്. കേസിന്റെ അന്വേഷണത്തിനായി എന്‍ഐഎ സംഘം ഇന്ന് ജില്ലയിലെത്തും. 2014ല്‍ രൂപംകൊണ്ട ജമാത്ത് ഖ്വായിദത്ത് അല്‍ജിഹാദ് ഫി ഷിഭി അല്‍ഖറാത്ത് അല്‍ഹിന്ത്യ എന്നാണ് സംഘടനയുടെ ശരിക്കുളള പേര്. ഇതില്‍ നിന്നാണ് ബേസ് മൂവ്മെന്റ് എന്ന പേര് രൂപം കൊളളുന്നത്.അല്‍ഉമ എന്ന സംഘടനയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. 2015 മുതല്‍ രാജ്യത്തിന്റെ വിവിധ സ്ഫോടനങ്ങള്‍ ശ്രമം നടത്തി വരുന്ന സംഘടനയാണ് ബേസ് മൂവ്മെന്റ്. ഇവരുടെ പേരിലാണ് പൊതി കണ്ടെത്തിയത്. 2105 ല്‍ കര്‍ണാടകയിലെ ആഭ്യന്തര മന്ത്രിയ്ക്ക് നേരെ ഭീഷണിയുയര്‍ത്തിയതും ഇതേ സംഘടനയാണ്. കൊല്ലം കളക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഈ സംഘമാണെന്നാണ് നിഗമനം.
പ്രഷര്‍കുക്കറില്‍ വെടിമരുന്നു നിറച്ച് ടൈമര്‍ ഉപയോഗിച്ചു നടത്തിയ സ്‌ഫോടനമാണു മലപ്പുറത്തേതെന്നാണ് ഫൊറന്‍സിക് നിഗമനം. പല കഷണങ്ങളായി ചിതറിയ പ്രഷര്‍ കുക്കറിന്റെ ഭാഗങ്ങളും, ബാറ്ററിയുടെയും സര്‍ക്യൂട്ടിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പിന്‍ഭാഗത്ത് നിലത്ത് അല്‍പ്പം ഉള്ളിലേക്ക് സ്‌ഫോടകവസ്തു നീക്കി വച്ച ശേഷം പൊട്ടിക്കുകയായിരുന്നെന്നാണ് അനുമാനം.
https://www.facebook.com/Malayalivartha


























