അമിത വേഗതയിലെത്തിയ ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി വഴിയിലേയ്ക്ക് തെറിച്ചു വീണ അധ്യാപിക അതേ ലോറി കയറി മരിച്ചു. മേരി മൗണ്ട് സ്‌കൂള്‍ അധ്യാപികയും മന്നാനം മുത്തേടം ഷാജി മാത്യുവിന്റെ ഭാര്യയുമായ ലീന (42) ആണ് മരിച്ചത്. രാവിലെ 8.15 ഓടെ എം.ജി യൂണിവേഴ്‌സിറ്റി ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം നടന്നത്.
ഷാജിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. റോഡിലെ ഹംമ്പില്‍ കയറിയിറങ്ങുകയായതിനാല്‍ സ്‌കൂട്ടര്‍ സാവധാനത്തിലായിരുന്നു എത്തിയത്. എന്നാല്‍, സ്‌കൂട്ടറിനു തൊട്ടുപിന്നാലെ അമിതവേഗത്തില്‍ എത്തിയ ലോറി വേഗം കുറയ്ക്കാതെ ഹമ്പില്‍കയറി. തുടര്‍ന്ന് സ്‌കൂട്ടറില്‍ തട്ടുകയും സ്‌കൂട്ടര്‍ മറിയുകയുമായിരുന്നു.
ഷാജി ഇടതുവശത്തുള്ള കുറ്റിക്കാടിനു സമീപത്തേയ്ക്കാണ് വീണത്. എന്നാല്‍, വലത്തേയ്ക്ക് മറിഞ്ഞ ലീന നടുറോഡിലേയ്ക്ക് വീഴുകയും ലോറി അവരുടെ വയറിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
തുടര്‍ന്ന് പിന്നോട്ടെടുത്തതോടെ ലോറി വീണ്ടും ലീനയുടെ ശരീരത്തില്‍ കയറിയിറങ്ങുകയും സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ദാരുണരംഗം കണ്ട് ഷാജി അവിടെനിന്നും ഓടി മാറി. പിന്നാലെ പ്രദേശവാസികള്‍ ഓടിയടുത്തുവെങ്കിലും ചിതഞ്ഞ നിലയിലുള്ള ദാരുണമായ ശരീരത്തിനടുത്തേയ്ക്ക് അടുക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
തുടര്‍ന്ന് ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ.അരുണ്‍, എഎസ്‌ഐ ജസ്റ്റിന്‍ മണ്ഡപം എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് അപകടസ്ഥലത്ത് തളംകെട്ടിയ രക്തവും മറ്റും കഴുകിക്കളഞ്ഞു. കോഴിക്കോട് നാട്ടുപറമ്പില്‍ കുടുംബാംഗമാണ് ലീന. മക്കള്‍: എബി, ആല്‍ബി (ഇരുവരും മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍)
https://www.facebook.com/Malayalivartha


























