മലപ്പുറം സ്‌ഫോടനം: നിയമസഭയില്‍ നിന്ന് ഒ. രാജഗോപാല്‍ ഏകനായി ഇറങ്ങിപ്പോയി; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് മുഖ്യമന്ത്രി; വാക്കൗട്ട് നടത്തുന്നില്ലെന്ന് പ്രതിപക്ഷം

ഒ. രാജഗോപാല്‍ ചുണക്കുട്ടിയായി ഇറങ്ങിപ്പോയി അതും വിമര്‍ശകരുടെ വായടപ്പിച്ച്. മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല എന്നാരോപിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. രാജഗോപാല്‍ തനിച്ച് സഭ ബഹിഷ്‌കരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പ്രതിപക്ഷത്തിനൊപ്പം രണ്ടുതവണ രാജഗോപാല്‍ സഭ ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇന്ന് സഭാ നടപടികള്‍ പുരോഗമിക്കവെയാണ് സംഭവം നടന്നത്. മലപ്പുറം സ്‌ഫോടനത്തില്‍ പ്രതിപക്ഷം സഭയില്‍ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലീഗ് എംഎല്‍എ പി. ഉബൈദുളളയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മലപ്പുറത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് സ്‌ഫോടനത്തിന് പിന്നില്‍. കൊല്ലത്ത് സ്‌ഫോടനം ഉണ്ടായ പോലെയല്ല, മലപ്പുറം സ്‌ഫോടനത്തെ മാധ്യമങ്ങള്‍ കാണുന്നതും ചിത്രീകരിക്കുന്നതും.
സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുളയിലെ നുളളണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ഉബൈദുളള ആവശ്യപ്പെട്ടു. സ്‌ഫോടനം പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയാനെത്തിയ പിണറായി ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നും തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും പറഞ്ഞു. മലപ്പുറത്തെ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സ്‌ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
സംഭവസ്ഥലത്ത് നിന്നും ലഭിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടി പരിശോധിച്ച് വരികയാണ്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനാണോ പെട്ടിവെച്ചതെന്ന് സംശയമുണ്ട്. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. നിരോധിച്ച ഏതെങ്കിലും സംഘടനയാണോ ഇതെന്നും പരിശോധിക്കുകയാണ്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.ടി ബാലന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുളള അനുമതിയും നിഷേധിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ വാക്കൗട്ട് നടത്തുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അതെസമയം മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായിട്ട് കാണുന്നില്ലെന്നും സാധാരണ കുറ്റകൃത്യങ്ങളെ പോലെയാണ് കാണുന്നതെന്നും ആരോപിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























