പിണറായിക്കും പ്രഖ്യാപന പ്രചരണങ്ങളില്‍ താത്പര്യം: സമ്പൂര്‍ണ്ണ ശുചിമുറി സംസ്ഥാന പ്രഖ്യാപനം പൊള്ളയെന്ന് കണക്കുകള്‍

മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും കേരളം സമ്പൂര്‍ണ്ണ ശുചിമുറി സംസ്ഥാനമായില്ലെന്ന് കണക്കുകള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍-സര്‍ക്കാരിതര സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ശുചിമുറിയുടെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചത്. സംസ്ഥാനത്തെ എല്ലാ കുട്ടികളും കണക്കെടുപ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചില സ്‌കൂളുകളില്‍ വീട്ടില്‍ കക്കൂസില്ലെന്ന് പറഞ്ഞ കുട്ടികളോട് കക്കൂസുണ്ടെന്ന് പറയാന്‍ നിര്‍ബന്ധിച്ചതായി സൂചന. കക്കൂസ് ഉണ്ടോ എന്ന ചോദ്യത്തിന് നാണക്കേട് കരുതി ഉണ്ടെന്ന് പറഞ്ഞ പാവപ്പെട്ട കുട്ടികളും ധാരാളം
കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ കോളനികളില്‍ പരിശോധന നടത്തിയാല്‍ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണകൂടത്തിന്റെ മൂക്കിനു തുമ്പിലുള്ള ചെങ്കല്‍ചൂള, പൗണ്ട് കോളനികളില്‍ പോലും എല്ലാ വീടുകളിലും കക്കൂസുകളില്ല. റെയില്‍വേ ലൈനിനു സമീപം പുറമ്പോക്കില്‍ കൂര കെട്ടി താമസിക്കുന്നവരുടെ വീടുകളിലും കക്കൂസുകളില്ല. അത് കാണാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഉപ്പിടാംമൂട് പാലത്തിന് താഴെ പോയാല്‍ മതി. തിരുവനന്തപുരം ജില്ലാ കോടതിയുടെ വിളിപ്പാടകലെയാണ് ഈ സ്ഥലം,
ഇത്തരം അബദ്ധ പ്രഖ്യാപനങ്ങള്‍ കൊണ്ട് ധാരാളം കോട്ടങ്ങള്‍ സംഭവിക്കാം. അതില്‍ പ്രധാനം കക്കൂസുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് നിലയ്ക്കും എന്നതാണ്. എല്ലാ വീടുകളിലും കക്കൂസുള്ള ഒരു സംസ്ഥാനത്ത്, അതും പരസ്യ പ്രഖ്യാപനം നടത്തിയ ഒരു സംസ്ഥാനത്ത് എന്തിനാണ് കക്കൂസ് നിര്‍മ്മിക്കാന്‍ ഫണ്ട് എന്നു ചോദിച്ചാല്‍ സര്‍ക്കാര്‍ എന്തു പറയും. അങ്ങനെ വരുമ്പോള്‍ ഫണ്ട് തിരിമറി നടത്താനുള്ള നീക്കമാണെന്ന് പറഞ്ഞ് അത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വയ്ക്കും.
കേരളത്തിലെ വിവിധ ആദിവാസി കോളനികളില്‍ കക്കൂസ് എന്നത് മായക്കാഴ്ചയാണ് സംസ്ഥാനത്ത് പട്ടികജാതി പട്ടിക വര്‍ഗ്ഗത്തിന്റെ ചുമതലയുള്ള മന്ത്രിയുടെ ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ആദിവാസി കോളനികള്‍ നിലവിലുള്ളത്. ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് കക്കൂസ് ഉപയോഗിക്കാന്‍ താത്പര്യമില്ലെന്നായിരിക്കും അധികൃതരുടെ മറുപടി. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും കക്കൂസില്ല. ഇത്തരം സ്ഥലങ്ങളില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ നടപടി സ്വീകരിച്ചിട്ടുമില്ല,
തിരുവനന്തപുരം നഗരത്തിലെ ചില സ്‌കൂളുകളില്‍ കണക്കെടുപ്പുമായി ബന്ധപ്പെട്ട് തിരിമറി നടന്നതായാണ് സൂചന സ്‌കൂള്‍ അധികാരികളോട് കുട്ടികളുടെയെല്ലാം വീടുകളില്‍ കക്കൂസുണ്ടെന്ന് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ നിര്‍ദ്ദേശിച്ചത്രേ. അതിന്റെ അടിസ്ഥാനത്തില്‍ പേരിനു മാത്രം ചോദിച്ച് സമ്പൂര്‍ണ്ണ കക്കൂസ് എന്ന അസത്യ പ്രഖ്യാപനം നടത്തിയത്. കക്കൂസില്ലെന്ന് പറഞ്ഞ കുട്ടികളോട് അത്തരം കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് അധ്യാപകര്‍ പറഞ്ഞതായും അറിയുന്നു.
പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ തിരക്ക് പിടിച്ച് നടത്തേണ്ടതില്ല. പ്രധാന പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ അത് ശരിയാണോ എന്നും സര്‍ക്കാര്‍ വിലയിരുത്തണം. കാരണം ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരുടെ സംസ്ഥാന സമ്മേളനമാണ് കേരളത്തില്‍ നടക്കുന്നത്,. ഇവര്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും. അതൊക്കെ നാക്കു തൊടാതെ വിഴുങ്ങിയാല്‍ ചാനലുകളില്‍ സത്യാവസ്ഥ കണ്ട് മുഖ്യമന്ത്രിക്ക് വിഷമിക്കേണ്ടി വരും. മറ്റുസര്‍ക്കാരുകള്‍ ഇതുവരെ നടത്തിയ പ്രഖ്യാപനങ്ങളുടെ ആകെത്തുക ഒന്നു നന്നായി അന്വേഷിച്ചാല്‍ അറിയാം വെറും തള്ളലുകള്‍ മാത്രമായിരുന്നെന്ന്.
https://www.facebook.com/Malayalivartha


























