ജിഎസ്ടിയുടെ മറവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക്

ജിഎസ്ടി പരവതാനി വിരിക്കും ഭൂട്ടാന്‍ ഡാറ്റാക്കും സംഘത്തിനും കേരള ലോട്ടറിയുടെ നട്ടെല്ലൊടിയും. ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്തു ലോട്ടറി വില്‍പ്പന നടത്താന്‍ ഇതരസംസ്ഥാന ലോട്ടറി സംരംഭങ്ങള്‍ ലക്ഷ്യമിടുന്നെന്നു സൂചന. കേരളത്തില്‍ ലോട്ടറി നടത്താന്‍ അനുമതി തേടി മിസോറം സര്‍ക്കാറിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. കേരളത്തില്‍ ലോട്ടറി വില്‍ക്കാനുള്ള താല്‍പര്യം മിസോറം കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ സുതാര്യമല്ലാതെ നടത്തിയതിനാലാണ് ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിച്ചതെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും ലോട്ടറി ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മിസോറമിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതുപ്രകാരമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംസ്ഥാനത്ത് ഇതരസംസ്ഥാന ലോട്ടറി വില്‍ക്കാന്‍ കേരളം ഉന്നയിക്കുന്ന തടസം ജിഎസ്ടിയുടെ വരവോടെ നിയമപരമായി ഇല്ലാതാകും. ഇതോടെ ഇതരസംസ്ഥാന ലോട്ടറികള്‍ക്കു യഥേഷ്ടം കേരളത്തിലെത്താനുമാകും. ഇതിനു തടയിടാന്‍ ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ തുടങ്ങി.
ലോട്ടറി റഗുലേഷന്‍ ആക്ട് 1998 നിയമപ്രകാരം ലോട്ടറി നടത്തുന്ന ഏതു സംസ്ഥാനത്തും ആര്‍ക്കും നിയമപ്രകാരം ലോട്ടറി വില്‍ക്കാം. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തില്‍ ലോട്ടറി വ്യാപാരം നടത്തിയവരൊക്കെ ഈ നിയമത്തിലെ വ്യവസ്ഥകള്‍ തെറ്റിച്ചതു ചൂണ്ടിക്കാട്ടിയാണ് കേരളം ഇതരസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചത്. ഇക്കാര്യം കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുമുണ്ട്. പിന്നീട് 2005 ല്‍ കേരളം പ്രത്യേകമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ലോട്ടറി ടാക്‌സ് ആക്ട് കൊണ്ടുവന്നതോടെ കേരളത്തിലേക്കു കയറാന്‍ പോലും ഇതരസംസ്ഥാന ലോട്ടറികള്‍ക്കു കഴിയാതെയായി.
നിയമപ്രകാരം ലോട്ടറി വില്‍പന നടത്തണമെങ്കില്‍ കര്‍ശന വ്യവസ്ഥകളോടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകളാണ് കൊണ്ടുവന്നത്. മാത്രമല്ല. ഓരോ നറുക്കെടുപ്പിനും അന്‍പതു ലക്ഷം രൂപ വീതവും ബംപറാണെങ്കില്‍ ഒരു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന് അടയ്ക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതുകൊണ്ടാണ് ലോട്ടറി കച്ചവടതാല്‍പര്യവുമായി എത്തിയ പല സംസ്ഥാനങ്ങള്‍ക്കും കേരളത്തില്‍ കടക്കാനാവാതെ തിരികെ പോകേണ്ടിവന്നത്.
1998 ലെ ആക്ട് പ്രകാരം ഇവിടെ ലോട്ടറി വില്‍പന നടത്തി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാത്രമേ നടപടിയെടുക്കാനാവൂ. എന്നാല്‍ 2005 ലെ നിയമപ്രകാരം രജിസ്‌ട്രേഷനില്ലാതെ കേരളത്തില്‍ വില്‍പന നടത്താന്‍ കഴിയില്ല. പക്ഷേ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജിഎസ്ടി നികുതി വ്യവസ്ഥയില്‍ ലോട്ടറിയും ഉള്‍പ്പെടുന്നതോടെ 2005 ല്‍ കേരളം കൊണ്ടുവന്ന ലോട്ടറി ടാക്‌സ് ആക്ട് അസാധുവാകും.
ഏക നികുതി മാത്രം അടച്ച് രാജ്യത്ത് എവിടെയും ലോട്ടറി വില്‍പനയാകാമെന്നതാണു സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ജിഎസ്ടിയില്‍ 26% മുതല്‍ പരമാവധി 40 % വരെയാണ് നികുതി നിര്‍േദശിക്കുന്നത്. ലോട്ടറിക്കു 40% എന്നുതന്നെ തീരുമാനിച്ചാലും അതടച്ച് ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തിലെത്താന്‍ മടി കാണിക്കില്ല. മിസോറം ലക്ഷ്യമിടുന്ന വഴി ഇതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുകയും ചെയ്യുന്നു. ശക്തമായ വ്യവസ്ഥകള്‍ നിരത്തി ഇതുവരെ ഉയര്‍ത്തിയ പ്രതിരോധം ജിഎസ്ടി വന്നാല്‍ ഫലപ്രദമാകുമോ എന്നതിനെപ്പറ്റി സര്‍ക്കാര്‍ ഉന്നതതലത്തില്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും നടപടി എത്രകണ്ട് ഫലപ്രദമാകുമെന്ന ആശങ്ക നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























