'ജയന്തന് പീഡിപ്പിച്ചശേഷം യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചു'; കൂട്ടബലാത്സംഗ പരാതി സഭയില്‍ വിശദമാക്കി അനില്‍ അക്കര

പീഡനക്കേസില്‍ ജയന്തന് കുരുക്ക് മുറുകുന്നു.കൂട്ടബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട പ്രാദേശിക സിപിഐഎം നേതാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലറായ ജയന്തന്‍ പീഡിപ്പിച്ചശേഷം യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് അപമാനിച്ചെന്നാണ് അനില്‍ ഐക്കര എംഎല്‍എ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയത്. കൂടാതെ യുവതിയുടെ ആരോപണങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ സിപിഐഎമ്മിന്റെ മൂന്ന് കൗണ്‍സിലര്‍മാര്‍ കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു. കേസിനെക്കുറിച്ചുളള വിശദമായ വിവരണവും അദ്ദേഹം സഭയില്‍ നടത്തുകയുണ്ടായി.
അനില്‍ അക്കര നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗം
വടക്കാഞ്ചേരിയിലെ പ്രമുഖ അഭിഭാഷകയായ വസന്ത പ്രമോദും കൗണ്‍സിലിംഗ് നടത്തുന്ന മാല എന്ന യുവതിയും ഈ സംഭവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ എന്നെ വന്ന് കണ്ടിരുന്നു. രണ്ട് മണിക്കൂര്‍ സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. അവര്‍ ഈ പരാതി നല്‍കിയ ശേഷം പേരാമംഗലം സിഐ മണികണ്ഠന്‍ വളരെ മോശമായാണ് ആ സ്ത്രീയോട് പെരുമാറിയത്. ആ വാക്കുകള്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. പരാതിക്കാരിയായ ഈ സ്ത്രീയുമായി സിഐ പല സ്ഥലങ്ങളിലും തെളിവെടുപ്പിന് പോയി.
ഒരു ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവിന് അപകടം പറ്റി എന്ന് ഫോണ്‍ വിളിച്ച് പറഞ്ഞിട്ടാണ് ജയന്തന്‍ ആ സ്ത്രീയെ കൂട്ടിക്കൊണ്ടു പോയത്. ഭര്‍ത്താവുണ്ടെന്ന് പറഞ്ഞ എലൈറ്റ് ആശുപത്രി കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയപ്പോള്‍ എന്താണെന്ന് ചോദിച്ചു. അപ്പോള്‍ ഒരാളെ വിളിക്കാനുണ്ടെന്നായിരുന്നു ജയന്തന്റെ മറുപടി. പിന്നെ പണി തീരാത്ത ഒരു കെട്ടിടത്തിന്റെ അടുത്ത് വണ്ടി നിര്‍ത്തി. ജയന്തന്‍ കെട്ടിട നിര്‍മാണം നടത്തുന്ന ഒരു കോണ്‍ട്രാക്ടറാണ്. അടുത്തിടെയാണ് അയാള്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ആ കെട്ടിടത്തില്‍ കൊണ്ടു പോയി അവരെ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് തെളിവെടുപ്പിന് പോയപ്പോള്‍ എവിടെ പണി തീരാത്ത കെട്ടിടമെന്നാണ് സിഐ ആ സ്ത്രീയോട് ചോദിച്ചത്. അവിടെയുള്ളത് പണി തീരാത്ത വീടല്ലല്ലോ എന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു സിഐ. രണ്ടു വര്‍ഷം കഴിഞ്ഞും ഒരു കെട്ടിടം പണി തീരാതെ ഇരിക്കുമോ എന്നറിയാത്ത ആളോണോ സിഐ.
ഇതെല്ലാം കഴിഞ്ഞ് വസന്ത പ്രമോദും മാലയും വീണ്ടും തന്റെയടുത്ത് വന്നു. താന്‍ പൂര്‍ണമായും ഇടതുപക്ഷ പ്രവര്‍ത്തകയാണെന്നും ഈ കേസില്‍ സ്ത്രീയുടെ ഭാഗത്താണ് നീതി എന്നും അഭിഭാഷക എന്നോട് പറഞ്ഞു. പിറ്റേ ദിവസം വാര്‍ത്താ സമ്മേളനം നടത്തി ഈ കാര്യങ്ങള്‍ പരസ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം താന്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരേയും വിളിച്ചു. അവിടെയെത്തിയപ്പോള്‍ മനോജ്, അരവിന്ദ് കൃഷ്ണന്‍, മധു അമ്പലപുരം എന്നീ സിപിഎം കൗണ്‍സിലര്‍മാര്‍ അവിടെയുണ്ടായിരുന്നു. കേസെല്ലാം ഒത്തുതീര്‍പ്പായെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ ആ സ്ത്രീ തലകറങ്ങി വീണു. അവരെ ആശുപത്രിയിലേക്ക് മാറ്റി. അതിന് ശേഷം അവരെ കാണാന്‍ താന്‍ പല തവണ ശ്രമിച്ചു. അവരുടെ അത്താണിയിലെ വീട്ടില്‍ പോയി. പക്ഷേ അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പിന്നീട് ആ സ്ത്രീ ഇവിടെ നില്‍ക്കാനാവാതെ ഗള്‍ഫില്‍ പോയെന്നറിഞ്ഞു. അപ്പോള്‍ ജയന്തനും സുഹൃത്തുക്കളും അവരുടെ നഗ്‌ന ചിത്രം ഫെയ്‌സ്ബുക്കിലിട്ടു. ഭര്‍ത്താവിന്റെ പേരില്‍ വടക്കാഞ്ചേരി പോലീസില്‍ കള്ളക്കേസ് കൊടുത്തു. പിന്നീട് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്ത് ആ കേസ് ഒത്തുതീര്‍പ്പാക്കി. അരവിന്ദിന്റെ നേതൃത്വത്തില്‍ നാലു പേര്‍ അവരെ ചീത്ത വിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. തന്റെ കക്ഷികള്‍ക്ക് നീതി നടത്തിക്കൊടുക്കേണ്ട അഭിഭാഷക കേസ് സെറ്റില്‍ ചെയ്യാനാണ് ശ്രമിച്ചത്. അവര്‍ക്കെതിരെയും അന്വേഷണം വേണം.
കൂട്ടബലാല്‍സംഗത്തിലെ കുറ്റാരോപിതനായ ജയന്തന്‍ സിപിഐഎം കൗണ്‍സിലറും സജീവ പ്രവര്‍ത്തകനും, ഒത്തുതീര്‍പ്പാക്കാമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞതായി യുവതി
ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപി ഇത് നിരന്തരം നിരീക്ഷിച്ച ആളാണ്. സിറ്റി പോലീസ് കമ്മീഷണറും ഇതെല്ലാം അറിഞ്ഞതാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് കേസില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്. അപ്പോള്‍ അവര്‍ അന്വേഷിച്ചാല്‍ ഈ കേസെങ്ങനെ തെളിയും. പേരാമംഗലം സര്‍ക്കിള്‍, മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍, ഗുരുവായൂര്‍ എസിപി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരേയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണം. ഈ കേസ് ലാഘവ ബുദ്ധിയോടെ എഴുതിത്തള്ളാന്‍ പാടില്ല.
മന്ത്രി എസി മൊയ്തീന്‍. പികെ ബിജു എംപി., കെപിഎസി ലളിത തുടങ്ങിയവരൊക്കെ താമസിക്കുന്നത് വടക്കാഞ്ചേരിയിലാണ്. അപ്പോള്‍ ഇത്തരം കേസുകള്‍ അവിടെ സംഭവിക്കാന്‍ പാടില്ല. നമുക്ക് രാഷ്ട്രീയം മാറ്റിവെക്കാം. നമ്മുടെ അമ്മയ്ക്ക്,സഹോദരിക്ക്, മകള്‍ക്കുണ്ടായ അനുഭവമായി കണ്ട് ഇത് കൈകാര്യം ചെയ്യണം. ഒരു വനിതാ എഡിജിപിയെകൊണ്ട് അന്വേഷിപ്പിക്കണം.
https://www.facebook.com/Malayalivartha


























