അവന്‍ വേണ്ട... ആ ചോദ്യം പ്രകോപിപ്പിച്ചു, ജനകീയനായിക്കൂടേ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ടീച്ചറെ സന്ദര്‍ശിച്ചപ്പോള്‍ മമ്മൂട്ടി ഒഴിവാക്കിയതായി ആക്ഷേപം

ഒരൊറ്റ ചോദ്യം മതി ചിലര്‍ മാറിമറിയാന്‍. ഷാര്‍ജാ പുസ്തകോല്‍വസത്തിലെ മുഖാമുഖത്തില്‍ തന്നെ പ്രകോപിപ്പിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഒഴിവാക്കി മമ്മൂട്ടിയുടെ ഗുരുസമാഗമം. എട്ടാം ക്ലാസില്‍ തന്നെ പഠിപ്പിച്ച സാറാമ്മ ടീച്ചറെ വീട്ടിലെത്തി സന്ദര്‍ശിപ്പോഴാണ് മമ്മൂട്ടി അസ്വസ്ഥപ്പെടുത്തിയ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെ ഒഴിവാക്കിയത്. തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി ഗുരുവായ സാറാമ്മ ടീച്ചറെ കണ്ടത്. ചൊവ്വാഴ്ച ഷാര്‍ജാ പുസ്തകോല്‍സവത്തില്‍ അതിഥിയായെത്തിയ മമ്മൂട്ടി ആസ്വാദകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി മുഖാമുഖം അനുവദിച്ചിരുന്നു. റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ ആര്‍ ജെ മിഥുന്‍ ആണ് മുഖാമുഖം നയിച്ചത്. മുഖാമുഖത്തിനിടെ മീഡിയാ വണ്‍ ഗള്‍ഫ് ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എംസിഎ നാസറിന്റെ ചോദ്യം മമ്മൂട്ടിയെ പ്രകോപിപ്പിച്ചു. മമ്മൂക്കയുടെ സ്വഭാവത്തില്‍ ഉണ്ടെന്ന് പറയുന്ന അഹന്തയും അഹംഭാവവും മാറ്റിപ്പിടിച്ചാല്‍ കുറേക്കൂടി ജനകീയമാകാമായിരുന്നില്ലേ? എന്നായിരുന്നു എംസിഎ നാസറിന്റെ ചോദ്യം. ചിരിയോടെയാണ് മമ്മൂട്ടി ചോദ്യത്തെ എതിരേറ്റത്. വിശദീകരണത്തിനായി എന്ത് എന്ന ചോദിച്ചപ്പോള്‍ ''നിലവിലുള്ള സ്വഭാവത്തില്‍ മമ്മൂക്കയോട് അടുക്കാന്‍ മോഹന്‍ലാലിന്റെ അത്ര എളുപ്പമല്ല, ഒരു ജനകീയനല്ല എന്നൊരു പൊതുബോധമുണ്ട്, അതൊന്ന് മാറ്റിക്കൂടേ, വായനയിലൂടെ ആളുകള്‍ മാറ്റാറുണ്ട് എന്നായിരുന്നു നാസര്‍ ചോദ്യം വിശദീകരിച്ചത്. ആ പൊതുബോധം മാറ്റേണ്ടത് ആരാണ് ഞാനാണോ അതോ പൊതുബോധം വച്ചുള്ളവരാണോ എന്നായിരുന്നു മമ്മൂട്ടിയുടെ വിശദീകരണം. ആരാധകര്‍ വലിയ ആരവത്തോടെയാണ് മമ്മൂട്ടിയുടെ ഈ വാക്കുകളെ വരവേറ്റത്. തുടര്‍ന്ന് അവസാന ചോദ്യമെന്ന് അവതാരകന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ചോദ്യം എന്തെങ്കിലും പൊതുബോധമാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.
എന്നെപ്പറ്റിയുള്ള പൊതുബോധം,പൊതുധാരണ അദ്ദേഹത്തിന് വേണ്ടിയെങ്കിലും എല്ലാരും മാറ്റിയാല്‍ നല്ലത് എന്ന് പറഞ്ഞ് ചോദ്യമുന്നയിച്ച എംസിഎ നാസര്‍ ഇരുന്ന ഇടത്തേക്ക് കൈചൂണ്ടിയാണ് മമ്മൂട്ടി മുഖാമുഖം അവസാനിപ്പിച്ചത്. ബുധനാഴ്ച ദുബായിയില്‍ തന്നെ എട്ടാം ക്ലാസില്‍ പഠിപ്പിച്ച സാറാമ്മ ടീച്ചറെ സന്ദര്‍ശിച്ചപ്പോള്‍ പരിപാടിയുടെ ഏകോപന ചുമതലയുണ്ടായിരുന്ന ആള്‍ ചോദ്യമുന്നയിച്ച മീഡിയാ വണ്‍ മിഡില്‍ ഈസ്റ്റ് എഡിഷന്‍ ഹെഡ് എംസിഎ നാസറിനെയും മാധ്യമം പ്രതിനിധിയെയും ഒഴിവാക്കിയെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് എംസിഎ നാസര്‍ പ്രതികരിച്ചത് ഇങ്ങനെ
''മമ്മൂട്ടിയെ ഏറെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍, അതായത് മമ്മൂട്ടിയിലെ നടനെ, എന്ന് കരുതി സുഖിപ്പിക്കുന്ന ചോദ്യമേ ചോദിക്കൂ എന്ന നിലപാട് എനിക്കില്ല. പിണറായി വിജയന്‍ മുതല്‍ വി പി സിംഗിനോട് വരെ കൃത്യതയോടെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. മോഹന്‍ലാലിനെ രണ്ട് വട്ടം സുദീര്‍ഘമായി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ നടനോട് മമ്മൂട്ടിയെ പോലെ ഇഷ്ടം പോരാ, എന്നിട്ടും സൗഹൃദത്തിന്റെ ഊഷ്മളത കാരണം ലാലിനോട് സ്‌നേഹം തോന്നിപ്പോകും. പത്തേമാരിയുടെ ചിത്രീകരണ വേളയില്‍ ഷൂട്ടിംഗ് സ്ഥലത്ത് 3 മണിക്കൂര്‍ കാത്തുനിന്നിട്ടും ഒരു ബൈറ്റ് തരാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അസുഖകരമായ ചോദ്യത്തെ അദ്ദേഹം എന്തിന് ഭയക്കുന്നു. മമ്മൂട്ടിക്ക് അഹംഭാവവും അഹങ്കാരവും ഉണ്ട് എന്നല്ല. മമ്മൂക്കയുടെ സ്വഭാവത്തില്‍ ഉണ്ടെന്ന് പറയുന്ന അഹംഭാവം എന്നും, അത്തരമൊരു പൊതുബോധം എന്നുമാണ് ഞാന്‍ പരാമര്‍ശിച്ചത്, അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചുകൊണ്ടുള്ള പരാമര്‍ശം എന്നില്‍ ചെറിയ വിഷമം ഉണ്ടാക്കി. ആരോഗ്യകരമായ സംവാദമെന്ന നിലയിലാണ് ഞാന്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള ചോദ്യമായിരുന്നില്ല.''
എംസിഎ നാസര്‍, മിഡില്‍ ഈസ്റ്റ് എഡിഷന്‍ ഹെഡ്, മീഡിയാ വണ്‍
ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഖലീജ് ടൈംസ് പ്രതിനിധിയുമായ വിഎം സതീഷ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ '' പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എന്റെ അടുത്ത സുഹൃത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇതെഴുതുന്നത്, മെഗാസ്റ്റാര്‍ എന്ന് 'വിളിക്കപ്പെടുന്ന' മമ്മൂട്ടിയോട് മൂര്‍ച്ഛയുള്ള ഒരു ചോദ്യം ചോദിക്കാനുള്ള ആര്‍ജ്ജവം കാട്ടിയതിന്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പൊതുജനത്തോട് ഹിമാലയന്‍ ഈഗോയോടെ മസില്‍പിടിച്ച് നടത്തുന്ന പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചതിന്. മമ്മൂട്ടിയുടെ വ്യക്തിത്വത്തിന്റെ സവിശേഷത എന്ന നിലയില്‍ ഈ സംഭവത്തെ വേറിട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം ഇപ്പോള്‍. നല്ലതുതന്നെ. പക്ഷേ ആ ചോദ്യം ചോദിച്ച എം.സി.എ.നാസറിനാണ് കൂടുതല്‍ കൈയടി നല്‍കേണ്ടത് എന്ന പക്ഷക്കാരനാണ് ഞാന്‍. താരപ്രഭയില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം പഞ്ചാരവാക്കുകളേ ഇഷ്ടമാകൂ. എഫ്എം റേഡിയോയിലെ അവതാരകര്‍ ചോദിക്കുംപോലെയുള്ള ചോദ്യങ്ങള്‍. താരങ്ങളെ സന്തോഷിപ്പിച്ചിരുത്തേണ്ടത് അവരുടെ ആവശ്യമായിരിക്കാം. പക്ഷേ അത്തരത്തില്‍ നിക്ഷിപ്തതാല്‍പര്യങ്ങള്‍ എന്തെങ്കിലുമുള്ള ആളല്ല എം.സി.എ.നാസര്‍. അദ്ദേഹം ചോദിച്ച ചോദ്യം കണിശവും കാര്യമാത്ര പ്രസക്തവുമായിരുന്നു. മാറ്റം എന്നത് ഒഴിവാക്കാനാവാത്തതാണ്, അത് നിങ്ങള്‍ നിങ്ങളുടെ അറുപതുകളിലാണെങ്കിലും.''
https://www.facebook.com/Malayalivartha


























