ഇനി എന്തുചെയ്യുമെന്നറിയാതെ... ഗിന്നസ് ബുക്കില്‍ ഇടംനേടാനായി ശേഖരിച്ചുവച്ച നോട്ടെല്ലാം ഇനി 'അസാധു'

ഗിന്നസ് ബുക്കില്‍ ഇടംനേടാനായി ശേഖരിച്ചു വച്ച പണം ഇരുട്ടിവെളുക്കും മുന്‍പു വെറും കടലാസ് മാത്രമായതോര്‍ത്തു തലയില്‍ കൈവച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ എബിന്‍ ബേബി. 786 എന്ന അക്കം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസക്കാരനായ എബിന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത് ഈ നമ്പറില്‍ അവസാനിക്കുന്ന 500ന്റെയും 1000ന്റെയും നൂറുകണക്കിനു നോട്ടുകള്‍.
ഈ നമ്പറില്‍ അവസാനിക്കുന്ന നോട്ടുകള്‍ ശേഖരിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടണമെന്ന ലക്ഷ്യത്തോടെയാണു വഴിത്തല സ്വദേശിയായ വട്ടപ്പറമ്പില്‍ എബിന്‍ ബേബി കോളജ് പഠനകാലത്തു വ്യത്യസ്തമായ ഹോബി ആരംഭിച്ചത്. ഇപ്പോള്‍ എബിന്റെ കൈയില്‍ 500ന്റെ 80 നോട്ടും 1000ന്റെ 30 നോട്ടുകളുമുണ്ട്. 786ല്‍ അവസാനിക്കുന്ന നമ്പറുള്ള 100,50,10 രൂപ നോട്ടുകള്‍ വേറെയും. മൊത്തം ഒരു ലക്ഷത്തിലധികം രൂപയുടെ ശേഖരമാണ് കൈവശമുള്ളത്. പക്ഷെ ഈ പണമെല്ലാം ബാങ്കില്‍ കൊണ്ടുപോയി ദിവസങ്ങള്‍ക്കുള്ളില്‍ മാറിയില്ലെങ്കില്‍ സമ്പാദ്യം വെള്ളത്തിലാകും. എന്നാല്‍, ഭാഗ്യനമ്പറെന്ന വിശ്വാസത്തില്‍ പലയിടത്തുനിന്നായി സ്വരൂപിച്ച നോട്ടുകള്‍ ബാങ്കില്‍ കൊടുത്തു മാറാന്‍ എബിനു മനസ്സുവരുന്നുമില്ല. ഇനിയെന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഈ മുപ്പത്തിരണ്ടുകാരന്‍.
786 എന്ന നമ്പറില്‍ അവസാനിക്കുന്ന നോട്ടുകളുടെ ശേഖരവുമായി റെക്കോര്‍ഡ് നേടാനൊരുങ്ങുന്നയാളുടെ കഥ പത്രത്തില്‍ കണ്ടാണു വര്‍ഷങ്ങള്‍ക്കു മുന്‍പ് എബിനും നോട്ട് ശേഖരണം തുടങ്ങിയത്. കോളജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ശീലം പിന്നീടു ഹൈദരാബാദില്‍ അധ്യാപകനായി ജോലി കിട്ടിയപ്പോഴും വിട്ടില്ല. ഈ നമ്പറുള്ള നോട്ടുകള്‍ കൈയില്‍ വന്നാല്‍ തനിക്കു വല്ലാത്തൊരു ആത്മവിശ്വാസം ലഭിക്കുമെന്നും ഒരിക്കലും നടക്കില്ലെന്നു കരുതിയ പല കാര്യങ്ങളും 786 നമ്പര്‍ നോട്ട് കൈയില്‍ വന്നശേഷം നടന്നിട്ടുണ്ടെന്നും എബിന്‍ അവകാശപ്പെടുന്നു.
മകന്റെ ഹോബി കണ്ട് പിതാവു ബേബിയും മാതാവ് ആലീസും സഹോദരന്‍ ഫെബിനും കൂടെക്കൂടി. ആലീസിനും സ്വന്തമായി 786 നമ്പര്‍ നോട്ടുകളുടെ ചെറിയൊരു ശേഖരമുണ്ട്. സര്‍ക്കാര്‍ തീരുമാനം എന്തുതന്നെയായാലും ഇത്രയും വര്‍ഷത്തെ ശേഖരം ബാങ്കില്‍ കൊടുത്തു പണമാക്കാന്‍ എബിനു മനസ്സു വരുന്നില്ല.
https://www.facebook.com/Malayalivartha


























