ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു

നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ അറിയിച്ചു. നോട്ട് പ്രതിസന്ധിയെത്തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകളടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചത്.
നോട്ട് റദ്ദാക്കലിനെത്തുടര്‍ന്നു വ്യാപാരമേഖലയിലുണ്ടായ പ്രതിസന്ധിക്കു പരിഹാരമുണ്ടാകാത്ത പക്ഷം ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അടച്ചിടുമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നത്. 500 രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ തുകയുടെ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികള്‍ പരാതിപ്പെട്ടു.
ഈ മാസം അഡ്വാന്‍സ് ടാക്‌സ് അടച്ചു സാധനങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ല. പല ലൈസന്‍സ് ഫീസും ഈ മാസം 15ന് അടയ്‌ക്കേണ്ടതാണ്. പണം ഇല്ലാത്തതുകൊണ്ടും കച്ചവടമാന്ദ്യം കൊണ്ടും തുക അടയ്ക്കാന്‍ കഴിയില്ല. അതിനാല്‍ ടാക്‌സ്, ലൈസന്‍സ് ഫീസുകള്‍ എടുക്കുന്നതിലും പഴയ നില പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലായെന്നും സ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചിട്ടുണ്ടെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. ചില്ലറ നോട്ടുകളുടെ ക്ഷാമം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാകുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും മുന്നറിയിപ്പ് നല്കിയിരുന്നു.
https://www.facebook.com/Malayalivartha


























