ഏഷ്യാനെറ്റ് പ്രതിസന്ധിയില്‍, ജീവനക്കാരെ വിലയ്‌ക്കെടുത്ത് റിലയന്‍സ്

ജനപ്രിയ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിസന്ധിയിലാക്കാന്‍ തീരുമാനിച്ചുറച്ച് അംബാനി. ഏഷ്യാനെറ്റിന്റെ പ്രധാന ലേഖകരെയൊക്കെ വലിച്ചെടുക്കാനാണ് അംബാനിയുടെ തീരുമാനം. റിലയന്‍സ് അടുത്ത കാലത്ത് മലയാളത്തില്‍ ആരംഭിച്ച ന്യൂസ് 18 എന്ന ചാനലാണ് ഏഷ്യാനെറ്റിന് ഭീഷണിയായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലുടമ രാജീവ് ചന്ദ്രശേഖറും റിലയന്‍സ് ഗ്രൂപ്പും തമ്മിലുള്ള ബിസിനസ് പിണക്കങ്ങളാണ് ഏഷ്യാനെറ്റിന്റെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ ന്യൂസ് 18 ലേയ്ക്ക് കൊണ്ടു പോകാന്‍ റിലയന്‍സിനെ പ്രേരിപ്പിച്ചത്.
നേരത്തെ ഏഷ്യാനെറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന കെ പി ജയദീപിനെ ന്യൂസ് 18 അവരുടെ സ്ഥാപനത്തിലേയ്‌ക്കെടുത്തിരുന്നു. മനോരമയിലും ഏഷ്യാനെറ്റിലുമായി വ്യാപിച്ച വര്‍ഷങ്ങളുടെ അനുഭവപരിചയം ജയദീപിനുണ്ട്. ഏഷ്യാനെറ്റ് ഉള്‍പ്പെടെ മലയാളത്തിലെ ചാനലുകളിലെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ജയദീപിന്റെ ശിഷ്യന്മാരാണ്. അതുകൊണ്ട് തന്നെ ന്യൂസ് 18 ചാനല്‍ ഹണ്ടിംഗ് ആരംഭിച്ചത് ജയദീപിനെ ഉപയോഗിച്ചാണ്. മനോരമ ചാനലിലെ രാജാവ് ദേവരാജിനെ പോലെ നിരവധി പോരെ ജയദീപ് പുതിയ സംരംഭത്തിലേയ്ക്ക് കൊണ്ടു പോയെങ്കിലും ഏറ്റവുമധികം ആളുകള്‍ പോയത് ഏഷ്യാനെറ്റില്‍ നിന്നാണ്.
അതായത് ഏഷ്യാനെറ്റ് പ്രതിസന്ധിയുടെ വക്കിലാണെന്ന് ചുരുക്കം. ഏഷ്യാനെറ്റില്‍ ധാരാളം പ്രേക്ഷകര്‍ ഉണ്ടായിരുന്ന ചിത്രം വിചിത്രം അവതരിപ്പിച്ചിരുന്ന ലല്ലുവിനെയും ഗോപീകൃഷ്ണനെയും അടുത്ത കാലത്ത് ന്യൂസ് 18 വിലയ്‌ക്കെടുത്തു. അതോടെ മാതൃഭൂമിയില്‍ ധിംതരികിടതോം അവതരിപ്പിച്ചിരുന്ന ജോര്‍ജ് പുളിക്കനെയും റിപ്പോര്‍ട്ടറില്‍ ആക്ഷേപഹാസ്യം അവതരിപ്പിച്ചിരുന്ന കെ.ബി. മധുവിനെയും ഏഷ്യാനെറ്റ് തല്‍സ്ഥാനത്ത് കൊണ്ടു വന്നു. എന്നാല്‍ ലല്ലുവും ഗോപീകൃഷ്ണനും ചേര്‍ന്നുണ്ടാക്കിയ കരിസ്മയില്‍ ഇപ്പോഴും പുളിക്കനും മധുവും എത്തിച്ചേര്‍ന്നിട്ടില്ല. ചിത്രം വിചിത്രത്തിന് പ്രേക്ഷകര്‍ കുറഞ്ഞതും ഏഷ്യാനെറ്റിന് അടിയായി.
ഏഷ്യാനെറ്റാണ് ഇപ്പോഴും ഒന്നാമതുള്ളത്. ഏഷ്യാനെറ്റിന്റെ തീപ്പൊരിയായ വിനു പി ജോണിനെ ന്യൂസ് 18 കൊണ്ടു പോകാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഏഷ്യാനെറ്റ് മികച്ച ശമ്പളം നല്‍കുന്ന സ്ഥാപനമാണ്. എന്നാല്‍ അതിനേക്കാള്‍ ശമ്പളമാണ് റിലയന്‍സിന്റെ ചാനല്‍ വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍ ന്യൂസ് 18 പ്രേക്ഷകരില്‍ എത്തിയിട്ടില്ല എന്നതാണ് പ്രശ്‌നം. പലയിടത്തും ന്യൂസ് 18 കിട്ടുന്നില്ല. ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ന്യൂസ് 18 നല്‍കുന്നില്ല. ഡിഷ് ചാനലുകളിലും ലഭ്യമല്ല. അതിനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തി വരികയാണെന്നാണ് പറയപ്പെടുന്നത്. ഈനാട് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഒരു പിടി ചാനലുകള്‍ റിലയന്‍സ് വാങ്ങി കഴിഞ്ഞു. രാജ്യം മുഴുവന്‍ നീളുന്ന ഒരു ചാനല്‍ നെറ്റ് വര്‍ക്കാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
നരേന്ദ്രമോഡിയുമായി അടുപ്പം പുലര്‍ത്തുന്ന രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റേതാണ് ഏഷ്യാനെറ്റ് ന്യൂസ് . ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്കിറങ്ങാന്‍ തയ്യാറെടുക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. റിലയന്‍സാകട്ടെ മോഡിയുടെ വിശ്വസ്ത ബിസിനസുകാരില്‍ ഉള്‍പ്പെടുന്നവരുമാണ്. രണ്ടും നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം നല്ലത് തന്നെയാണ്. രാജ്യത്തെ ദൃശ്യമാധ്യമങ്ങള്‍ കൈപ്പിടിയിലൊതുക്കിയാല്‍ താന്‍ ലക്ഷ്യമിടുന്നതൊക്കെ നേടാമെന്ന് അദ്ദേഹം കരുതുന്നു.
പ്രതിസന്ധി നേരിടാന്‍ ഏഷ്യാനെറ്റ് പുതിയ റിക്രൂട്ടുകളെ സംസ്ഥാനത്തുടനീളം നിയമിച്ചു കഴിഞ്ഞു. വ്യത്യസ്തമായ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ചാനല്‍ പ്രതിസന്ധിയിലാകാതിരിക്കാനാണ് ഇത്തരം നീക്കങ്ങള്‍.
https://www.facebook.com/Malayalivartha


























