മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സി.പി.എമ്മിനകത്ത് പുതിയ നീക്കങ്ങള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുന്‍നിര്‍ത്തി കളിക്കാനൊരുങ്ങി പിണറായി വിരുദ്ധലോബി

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.എമ്മിനകത്ത് പുതിയ കരുനീക്കങ്ങള്‍. സി.പി.എം കളമശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരേയുണ്ടായ പൊലീസ് കേസുകളും ഗുണ്ടാ-ക്വട്ടേഷന്‍ വിവാദങ്ങളുമൊക്കെ കൈകാര്യം ചെയ്ത രീതി എടുത്തുകാട്ടിയാണ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാര്‍ട്ടിക്കകത്തെ ഒരു വിഭാഗം ശ്രമിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലല്ലെന്ന വിമര്‍ശനം നേരത്തേ സി.പി.എമ്മിനകത്തുണ്ട്. ഇക്കാര്യത്തില്‍ വലിയ തോതിലുള്ള നീരസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുണ്ട്. ഭരണതലത്തില്‍ കൈക്കൊള്ളുന്ന നടപടികളൊന്നും പാര്‍ട്ടിയുമായി ആലോചിക്കാതെയാണെന്നും പലതും തീരുമാനിച്ചശേഷം പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിക്കുന്ന ശൈലിയാണ് പിണറായിയുടേതെന്നും എതിര്‍പക്ഷം വിമര്‍ശനമുയര്‍ത്തുന്നു.
പിണറായിയുടെ ഉപദേശകവൃന്ദമാണ് എല്ലാ കുഴപ്പങ്ങളുമുണ്ടാക്കുന്നതെന്ന ചര്‍ച്ചയാണ് പാര്‍ട്ടിക്കകത്തുള്ളത്. സക്കീര്‍ ഹുസൈനെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിന്റെ ഈ കേസിലെ ഇടപെടലുകളും തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന രീതിയുമൊക്കെ സി.പി.എമ്മിനകത്ത് കടുത്ത അസ്വസ്ഥതയ്ക്കാണ് വഴിവെച്ചത്. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ പോലും ഈ വിഷയത്തില്‍ ടാര്‍ജറ്റ് ചെയ്തിരുന്നുവെന്നതാണ് വസ്തുത. ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളുമായി രാജീവിനു ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പോന്ന തെളിവുകള്‍ മാധ്യമങ്ങള്‍ക്കെത്തിക്കാന്‍ ഒരു പി.ആര്‍ കമ്പനിയുടെ ആളുകള്‍ മുന്നിട്ടിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിര്‍ദ്ദേശമാണ് ഇതിനു പിന്നിലെന്ന സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ക്കു ലഭിച്ചിട്ടുള്ളത്.
സക്കീര്‍ ഹുസൈനെതിരേ വലിയ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സക്കീറിനെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ലേഖനമെഴുതിയിരുന്നു. സക്കീറിനെ പൂര്‍ണമായി പാര്‍ട്ടി തള്ളിയിട്ടില്ലെന്ന സന്ദേശമായിരുന്നു കോടിയേരി നല്‍കിയത്. കളമശേരി സംഭവത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും വടക്കാഞ്ചേരി പീഡന വിവാദത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി രാധാകൃഷ്ണനും പ്രതിരോധത്തിലായപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ രണ്ടു ജില്ലാ സെക്രട്ടറിമാരേയും ന്യായീകരിച്ചു. പിണറായിയാകട്ടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല.
പിണറായി മുഖ്യമന്ത്രിയായതു മുതല്‍ അദ്ദേഹം ഉപദേശകവൃന്ദത്തിന്റെ നിയന്ത്രണത്തിലാണെന്നും പാര്‍ട്ടിക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നുമുള്ള പൊതുവായ ചര്‍ച്ച സി.പി.എമ്മിനകത്തുണ്ട്. പിണറായിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയെന്നതിനപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസിന് പാര്‍ട്ടി താല്‍പര്യങ്ങളില്ല.
സി.പി.എമ്മിലെ ഔദ്യോഗികപക്ഷത്ത് ഒരു കാലത്ത് അവസാനവാക്ക് പിണറായി വിജയനായിരുന്നെങ്കില്‍ ഇപ്പോള്‍ കഥ മാറുകയാണ്. പിണറായിയുടെ കൂടെ നിന്ന പലരും അദ്ദേഹത്തിന്റെ എതിരാളികളായി മാറിക്കഴിഞ്ഞു. തുടക്കത്തിലേ കണ്ണൂര്‍ ലോബി തന്നെയാണ് പിണറായിയെ കൈവിട്ടത്. പോലീസ് സ്ഥലം മാറ്റം തൊട്ട് കണ്ണൂര്‍ കൊലപാതകങ്ങളിലെ പോലീസ് നടപടികളില്‍ വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജന്റെ താല്‍പര്യങ്ങള്‍ക്ക് പിണറായി വഴങ്ങിയില്ല. കണ്ണൂരിലെ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിനെ മാറ്റണമെന്ന പി ജയരാജന്റെ ആവശ്യം മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല.
https://www.facebook.com/Malayalivartha


























