സംസ്ഥാനത്തെ എടിഎമ്മുകള്‍ നിറയ്ക്കുന്തോറും കാലിയായി കൊണ്ടിരിക്കുന്നു, ബാങ്കുകളില്‍ തിരക്ക് കുറയുന്നു

സംസ്ഥാനത്തെ മിക്ക എടിഎമ്മുകളിലും ഇന്നലെ പണം നിറച്ചെങ്കിലും മിനിറ്റുകള്‍ക്കകം കാലിയായി. ആദ്യദിനങ്ങളിലെ വന്‍തിരക്ക് ഇന്നലെ പക്ഷേ, ബാങ്കുകളില്‍ പ്രകടമായില്ല. രാജ്യത്തിന്റെ പല ഭാഗത്തും 2000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ തുടങ്ങിയെങ്കിലും കേരളത്തില്‍ ഇതു വൈകും. 2000 രൂപ നോട്ടിനായി എടിഎമ്മുകള്‍ പുനഃക്രമീകരിക്കാന്‍ ശ്രമിച്ചാല്‍ അതു നിലവിലെ ഇടപാടുകളെപ്പോലും തകിടംമറിക്കുമെന്ന് എസ്ബിടി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എസ്ബിടിയുടെ 1736 എടിഎമ്മുകളില്‍ 1701 എണ്ണവും എസ്ബിഐയുടെ 1434 എടിഎമ്മുകളില്‍ 1002 എണ്ണവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. തിരുവനന്തപുരത്തെ ആര്‍ബിഐ മേഖലാ ആസ്ഥാനത്തെത്തിച്ച ശേഷം നോട്ടുകള്‍ ജില്ലകളിലേക്കയയ്ക്കുന്ന രീതി മാറ്റി, പകരം ചെറുവാഹനങ്ങളില്‍ ജില്ലകളിലെ ചെസ്റ്റുകളില്‍ നേരിട്ടു പണമെത്തിക്കുകയാണിപ്പോള്‍. മാറ്റിയെടുക്കാവുന്ന തുക 4,500 ആയും പിന്‍വലിക്കാവുന്നത് 24,000 ആയും വര്‍ധിപ്പിച്ചെങ്കിലും ഇന്നലെ തപാല്‍ ഓഫിസുകള്‍ പഴയപരിധിയിലാണു പണം വിതരണം ചെയ്തത്.
ഇന്നു മുതല്‍ പുതിയപരിധിയില്‍ പോസ്റ്റ് ഓഫിസുകളില്‍ നിന്നു പണം നല്‍കും. തപാല്‍ ഓഫിസ് പണമിടപാടുകളിലെ സംശയങ്ങള്‍ക്ക് 0471 2575771 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. ട്രഷറികളിലേക്ക് ഫീസിനത്തിലും മറ്റും അടയ്‌ക്കേണ്ട തുകയ്ക്ക് ഇന്നലെ വൈകിട്ട് നാലു വരെ അസാധുവായ നോട്ട് സ്വീകരിച്ചു. 50 ലക്ഷം രൂപയാണ് ഈയിനത്തില്‍ ട്രഷറിയിലെത്തിയത്. റിസര്‍വ് ബാങ്കില്‍ നിന്നു രാവിലെ അനുമതി ലഭിച്ചാല്‍ ഇന്നും ഈ സൗകര്യം ലഭിക്കുമെന്നും ഓരോ ട്രഷറിയിലും തിരക്കിയ ശേഷം മാത്രമേ പഴയ നോട്ടുകളുമായി എത്താവൂ എന്നും വകുപ്പ് അറിയിച്ചു.
ബാങ്കുകളിലെയും പോസ്റ്റ് ഓഫിസുകളിലെയും അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന അസാധു നോട്ടിനു പരിധിയില്ല
തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി ഏതു ബാങ്ക് ശാഖയില്‍ നിന്നും തപാല്‍ ഓഫിസില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫിസില്‍ നിന്നും മാറ്റി വാങ്ങാവുന്നത് ഡിസംബര്‍ 30 വരെ 4500 രൂപ
എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം പിന്‍വലിക്കാവുന്നത് 2500 രൂപ
ചെക്കോ വിഡ്രോവല്‍ സ്ലിപ്പോ നല്‍കി അക്കൗണ്ടില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപ
https://www.facebook.com/Malayalivartha


























