രാജ്യത്ത് പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക അടിയന്തിരാവസ്ഥ, എടിഎമ്മുകള്‍ കാലി, ചില്ലറകളില്ലാതെ ബാങ്കുകള്‍, നട്ടം തിരിഞ്ഞ് ജനം

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനജീവിതം പൂര്‍ണമായും സ്തംഭിപ്പിക്കുന്നു. ഒരാഴ്ചയോളമായിട്ടും പണം മാറ്റിയെടുക്കാന്‍ കഴിയാതെവന്നതോടെ വ്യാപാര വാണിജ്യ മേഖല സ്തംഭനാവസ്ഥയിലായ നിലയിലാണ്. നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ ചില്ലറയില്ലാതെ ജനം ദുരിതക്കയത്തിലായി.
കള്ളപ്പണം കണ്ടുകെട്ടാനുള്ള ഉപാധിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രാബല്യത്തില്‍ വന്നതോടെ ഇന്നലെയും ചില്ലറ തേടി ജനം നെട്ടോട്ടമായിരുന്നു. കേരളത്തില്‍ പകുതിയിലധികം എ.ടി.എമ്മുകളും ഇന്നലെയും പണം ലഭിക്കാതെ അടഞ്ഞുകിടന്നു. നൂറ്, അമ്പത് രൂപാ നോട്ടുകള്‍ യഥേഷ്ടം ബാങ്കുകള്‍ക്ക് ലഭിക്കാതെവന്നതാണ് എ.ടി.എം പ്രവര്‍ത്തനസജ്ജമാകാത്തതിന്റെ കാരണം.
സാധാരണജനങ്ങളെ മാരകമായി ബാധിച്ചിട്ടുള്ള ഈ പ്രതിസന്ധിക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ചില്ലറ ദൗര്‍ലഭ്യം മൂലം കടകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് സംസ്ഥാന തലത്തില്‍ നാളെ മുതല്‍ കടകള്‍ അടച്ചിടുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. രണ്ടുദിവസത്തിനകം ചില്ലറ ക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്നും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചുകഴിഞ്ഞു. ഇതുരണ്ടും സംഭവിച്ചാല്‍ കേരളത്തില്‍ ജനജീവിതം പൂര്‍ണമായും തകരാറിലാവും. ആവശ്യത്തിന് കറന്‍സി ലഭ്യമാകാത്തപക്ഷം പമ്പുകള്‍ അടച്ചിടുമെന്നും ഭീഷണിയുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ ബാങ്കുകളില്‍പ്പോലും ആവശ്യപ്രകാരം രൂപ ലഭ്യമാക്കി ചില്ലറക്ഷാമം പരിഹരിക്കാന്‍ കഴിയാതെവന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളില്‍ പണം ലഭ്യമാക്കിയാല്‍ കേരളത്തിലെ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയും.
സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ മൂലം അരി ലഭ്യത ഇല്ലാതായതോടെ കേരളത്തില്‍ റേഷന്‍ വിതരണവും തകരാറിലായിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങളെയാണ് ഇത് ഗുരുതരമായി ബാധിക്കുക. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരിവിതരണം സ്തംഭിച്ചിരിക്കുകയാണ്.
ചില്ലറക്ഷാമം രൂക്ഷമായതോടെ പല വ്യവസായ ശാലകളും പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ്. ഉല്‍പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സൗകര്യം പോലും ഇല്ലാതായി. കേരളത്തില്‍ നിന്നുള്ള വിദേശ കയറ്റുമതി-ഇറക്കുമതി രംഗവും മരവിക്കുന്ന സ്ഥിതിയാണ് ഉണ്ടാവുക.
സംസ്ഥാനത്തെ ബാങ്കുകളിലും എ.ടി.എമ്മുകളിലും കയറിയിറങ്ങി മനംമടുത്ത ജനം വാഗ്‌വാദത്തിലേക്കും സംഘര്‍ഷത്തിലേക്കും എത്തുന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. പലയിടങ്ങളിലും നൂറുകണക്കിന് ആള്‍ക്കാര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ബാങ്ക് കൗണ്ടറില്‍ എത്തിയപ്പോഴാണ് നോട്ട് സ്റ്റോക്ക് തീര്‍ന്ന അറിയിപ്പ് കണ്ട് മടങ്ങേണ്ടിവന്നത്. അത്യാവശ്യ യാത്ര നടത്താന്‍പോലും ചില്ലറ ലഭ്യമാകാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്നലെയും ജനം കുടുങ്ങിക്കിടന്ന സാഹചര്യവുമുണ്ടായി.
https://www.facebook.com/Malayalivartha


























