നോട്ട് പ്രതിസന്ധി: സംസ്ഥാനത്ത് ട്രഷറികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

സംസ്ഥാനത്ത് ട്രഷറികളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് മടങ്ങുന്നു. ഇന്നലെ 222 ട്രഷറികളും പ്രവര്‍ത്തിച്ചു. എന്നാല്‍ ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മിക്ക ട്രഷറികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ബാങ്കുകള്‍ പണം നല്‍കാത്തതും കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവവുമായിരുന്നു കാരണം. ശരാശരി 80 കോടിയിലേറെ രൂപ ഈ ദിവസങ്ങളില്‍ ട്രഷറിയുടെ പ്രവര്‍ത്തനത്തിന് വേണം. ഈ തുക ദിവസവും രാവിലെ എസ്.ബി.ഐ, എസ്.ബി.ടി, കാനറ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് എടുക്കുകയാണ്. വൈകിട്ട് ചെലവ് പരിധി കഴിഞ്ഞ് ബാക്കിവരുന്ന തുക ബാങ്കിലേക്ക് നിക്ഷേപിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളില്‍ ചില ബാങ്ക് ശാഖകള്‍ ട്രഷറികള്‍ക്ക് പണം നല്‍കാത്തതുമൂലം പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഇന്നലെയും ഈ സ്ഥിതി തുടര്‍ന്ന സാഹചര്യത്തില്‍ ട്രഷറി അധികൃതര്‍ ബാങ്ക് മേധാവികളുമായി സംസാരിച്ച് പണം ലഭ്യമാക്കി. ഇടപാടുകാര്‍ക്ക് പണം നല്‍കുന്നതും നോട്ടുകള്‍ മാറി നല്‍കുന്നതും മൂലം ബാങ്കുകള്‍ നേരിടുന്ന ഞെരുക്കമായിരിക്കാം ട്രഷറികള്‍ക്ക് പണം നല്‍കാന്‍ മടിക്കുന്നതിന് കാരണം. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പെന്‍ഷന്‍ തുക പിന്‍വലിക്കുന്നതിനും ഇപ്പോള്‍ തടസമില്ല.
എന്നാല്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലും സ്ഥിരനിക്ഷേപത്തിലും അസാധുവായനോട്ടുകള്‍ സ്വീകരിക്കാനാവാത്തതുമൂലം ഇടപാടുകാര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. ട്രഷറിയില്‍ നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തുചെയ്യണം എന്ന നിര്‍ദേശം ഇതുവരെ കിട്ടിയിട്ടില്ല. റിസര്‍വ് ബാങ്കാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
https://www.facebook.com/Malayalivartha


























