മാതാപിതാക്കള്‍ ജാഗ്രതൈ! മുഴുവന്‍ സ്വത്തും മക്കള്‍ക്കു നല്‍കരുത്

മാതാപിതാക്കള്‍ ജാഗ്രതൈ. വയ്യാതാകുന്ന കാലത്ത് മക്കള്‍ നിങ്ങളെ നോക്കണമെങ്കില്‍ സ്വന്തം പേരില്‍ എന്തെങ്കിലും ബാക്കിയിട്ടേക്കണം... കേരള ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധിയാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം മക്കള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം പരിഹരിക്കാനുള്ളതല്ലെന്നാണ് കേരള ഹൈക്കോടതിയുടെ വിധി. മാതാപിതാക്കളുടെ സ്വത്തിനുവേണ്ടി മക്കള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കം പരിഹരിക്കാന്‍ നിയമത്തെ ഉപയോഗിക്കരുതെന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി സതി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. സതിക്കൊപ്പമാണ് അമ്മ താമസിച്ചിരുന്നത്. തനിക്കൊപ്പം കഴിഞ്ഞിരുന്ന കാലത്ത് അമ്മ തനിക്ക് നേരത്തെ നല്‍കിയ സ്വത്തിനു പുറമേ 10 സെന്റ് കൂടി എഴുതി നല്‍കിയിരുന്നു. പിന്നീട് സഹോദരന്‍ അമ്മയെ ബലാല്‍ക്കാരമായി കൂട്ടി കൊണ്ടു പോയി. ഇപ്പോള്‍ തനിക്ക് അമ്മ കൂടുതലായി നല്‍കിയ 10 സെന്റ് സ്ഥലം സഹോദരന്റെ പേരില്‍ തിരികെ എഴുതി നല്‍കണമെന്ന് മുതിര്‍ന്ന പൗരന്‍മാരുടെ നിയമം നടപ്പിലാക്കാനുള്ള ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു സതിയുടെ ആവശ്യം.
അമ്മയെ നോക്കാമെന്ന വാഗ്ദാനത്തിലാണ് സഹോദരിക്ക് 10 സെന്റ് സ്ഥലം കൂടുതല്‍ നല്‍കിയതെന്നും ഇത് സഹോദരി പാലിച്ചില്ലെന്നുമാണ് സഹോദരന്റെ വാദം. ഭൂമി ലഭിച്ച ശേഷം മകള്‍ വാക്കു പാലിച്ചില്ലെന്ന് അമ്മയും വ്യക്തമാക്കി.
കോടതി രൂക്ഷമായ ഭാഷയിലാണ് മക്കളെ വിമര്‍ശിച്ചത്. മാതാപിതാക്കളെ നോക്കേണ്ടത് സ്വത്തിന്റെ അടിസ്ഥാനത്തിലാണോ എന്നു ചോദിച്ച കോടതി ഇത്തരം ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിക്കരുതെന്നും താക്കീതു നല്‍കി. സ്വത്തു തര്‍ക്കം പരിഹരിക്കാനുള്ള വേദിയല്ല ഹൈക്കോടതിയെന്ന് വിമര്‍ശിക്കുകയും ചെയ്തു.
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. അമ്മയുടെ സംരക്ഷണ ബാധ്യത മകള്‍ ഏറ്റെടുക്കണമെന്നും കോടതി വിധിച്ചു. മകള്‍ക്കൊപ്പം പോകാന്‍ അമ്മ തയ്യാറല്ലെങ്കില്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ട 500 രൂപയ്ക്ക് പകരം പ്രതിമാസം 5000 രൂപ നല്‍കണം. എന്നാല്‍ ഇഷ്ടദാനം നല്‍കിയ ഭൂമി തിരിച്ചെഴുതണമെന്ന ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഇത്തരം പരാതികള്‍ ഒഴിവാക്കണമെങ്കില്‍ മരിക്കുന്നതു വരെ മാതാപിതാക്കള്‍ സ്വന്തം സ്വത്ത് മുഴുവനായും മക്കള്‍ക്ക് എഴുതി കൊടുക്കാതിരിക്കുക. കാരണം, ട്രൈബ്യൂണലില്‍ നിന്നും കോടതിയില്‍ നിന്നും നിങ്ങള്‍ക്ക് സമാധാനം ലഭിക്കണമെന്നില്ല. ആര്‍ഡിഒ-മാരാണ് മുതിര്‍ന്ന പൗരന്‍മാരുടെ നിയമം അനുസരിച്ചുള്ള അപ്പീല്‍ അധികാരി. ആര്‍ഡിഒയ്ക്ക് ആയിരക്കണക്കിന് ജോലിയാണുള്ളത്. അതിനിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം അന്വേഷിക്കാനൊന്നും ആര്‍ഡിഒയ്ക്ക് സമയം ലഭിക്കാറില്ല. മജിസ്ട്രീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനാണ് ആര്‍ഡിഒ, അദ്ദേഹത്തെ പോലൊരു ഉദ്യോഗസ്ഥനെ ഇത്തരമൊരു ചുമതലയില്‍ നിന്നും ഒഴിവാക്കുകയാണു വേണ്ടത്.
ഇപ്പോള്‍ തന്നെ ഓരോ താലൂക്കിലും ആയിരക്കണക്കിനു കേസുകളാണ് പരിഹാരമാകാതെ കെട്ടി കിടക്കുന്നത്. ഫലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നു. പണത്തിന്റെ തൂക്കം നോക്കി മാതാപിതാക്കളെ സംരക്ഷിക്കാനിറങ്ങുന്ന മക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് ദൈവത്തെ നിലനിര്‍ത്തിയാണോ എന്തോ..?
https://www.facebook.com/Malayalivartha



























