മുത്തൂറ്റ് മനേജ്‌മെന്റിന്റെ കടുംപിടിത്തത്തിന് മേല്‍ തൊഴിലാളികളുടെ ഐതിഹാസിക ജയം: പ്രതികാരനടപടികള്‍ പിന്‍വലിക്കാമെന്ന് മാനേജ്‌മെന്റ്

മുത്തൂറ്റ് മുതലാളി പത്തിമടക്കി സമരം വിജയം കണ്ടു. പ്രതികാരനടപടികള്‍ പിന്‍വലിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിനെത്തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രി ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുത്തൂറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റും തൊഴിലാളികളും അറിയിച്ചു.
സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ജീവനക്കാരെ സംസ്ഥാനത്ത് നിയമിക്കാനും മാനേജ്‌മെന്റ് സമ്മതിച്ചു. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിന് ജീവനക്കാര്‍ക്കെതിരെയെടുത്ത നടപടികള്‍ പിന്‍വലിക്കും. സംസ്ഥാനത്ത് സ്ഥലംമാറ്റിയവര്‍ക്ക് നിലവിലെ മേഖലയ്ക്കകത്ത് നിയമനം നല്‍കും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് സബ്‌സിസ്റ്റന്റ്‌സ് അലവന്‍സിന് പുറമെ ശമ്പളത്തിന്റെ 25 ശതമാനംകൂടി നല്‍കാമെന്നും മുത്തൂറ്റ് സമ്മതിച്ചു. ക്രിമിനല്‍ കേസില്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. മൂന്നു ദിവസത്തെ പണിമുടക്കിന്റെപേരില്‍ ജീവനക്കാരുടെ 10 ദിവസത്തെ ശമ്പളം പിടിച്ചെടുത്തതില്‍നിന്ന് ഏഴു ദിവസത്തെ ശമ്പളം തിരിച്ചുനല്‍കും. വ്യവസ്ഥകള്‍ ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരുത്തണം. ഇതുസംബന്ധിച്ച് ഇരുകക്ഷികളുടെയും അവലോകനയോഗം തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിക്കാനും തീരുമാനമായി.
ചര്‍ച്ചയില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, കെപി സഹദേവന്‍, കെ ചന്ദ്രന്‍പിള്ള, എം സ്വരാജ് എംഎല്‍എ, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഡയറക്ടര്‍ ഈപ്പന്‍ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























