എനിക്കിനി എന്തുവേണം? എന്നെപ്പോലൊരാള്‍ ഇവിടത്തോളം എത്തിയത് ഈ പാര്‍ട്ടിയായത് കൊണ്ടുമാത്രം'; ശൈലി വിടാതെ എംഎം മണി

വിവാദങ്ങളുടെ തോളന്‍.. തനി നാടന്‍ ശൈലിയുള്ള പ്രസംഗം.. സംസാരം..ഇതാണ് ഇടുക്കി ജില്ലയുടെ നിയുക്ത മന്ത്രി സാക്ഷാല്‍ എംഎം മണി. ഇടുക്കിക്കാര്‍ക്ക് മണിയാശാന്‍ തന്നെയാണ് പാര്‍ട്ടി പാര്‍ട്ടി തന്നെയാണ് മണിയാശാന്‍ രണ്ടും ഒന്നുതന്നെ. ഹൈറേഞ്ചിലേക്ക് കുടിയേറിയ തന്നെപോലൊരു സാധാരണക്കാരന്‍ മന്ത്രിയായത് ഈ പാര്‍ട്ടിയായത് കൊണ്ടുമാത്രമാണെന്ന് എം.എം മണി. മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് തനത് ശൈലി വിടാതെ മണിയുടെ മറുപടികള്‍. കോട്ടയത്ത് നിന്നും ഹൈറേഞ്ചിലേക്ക് കുടിയേറിയ ഒരു സാധാരണക്കാരനാണ് താന്‍. സാമുഹികമായി പിന്നാക്കം നില്‍ക്കുന്ന അവസ്ഥയില്‍ നിന്നും പാര്‍ട്ടിയിലെത്തി മന്ത്രിപദംവരെ ഉയരാനായതില്‍ സന്തോഷമുണ്ട്. താന്‍ മന്ത്രിയായതില്‍ ജനങ്ങള്‍ക്കൊക്കെ ഒരു പ്രതീക്ഷ കാണും. ഇടുക്കിയിലെ ജനങ്ങളെ മാത്രമല്ല, ഇനി കേരളത്തിലെ മൊത്തം ജനങ്ങളുടെ കാര്യം നോക്കണമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
സിപിഐയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. പാര്‍ട്ടി രണ്ടായി കഴിഞ്ഞപ്പോള്‍ സൈദ്ധാന്തികമായി സിപിഐഎമ്മിനോടായിരുന്നു താത്പര്യം. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ അമ്പത് വര്‍ഷം കഴിഞ്ഞു. വെറും പാര്‍ട്ടിയംഗം ആയിരുന്ന ഞാന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി. ഇപ്പോള്‍ മന്ത്രിയുമായി. എന്നെ പോലൊരു പാവത്തിന് ഇങ്ങനെയാകാന്‍ കഴിഞ്ഞത് ഈ പാര്‍ട്ടിയായത് കൊണ്ടുമാത്രമാണ്. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഒരു സാധാരണക്കാരന് ഇങ്ങനെ എത്താന്‍ കഴിയില്ല. സാമൂഹികമായി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഇവിടം വരെ എത്തിയത് വലിയ കാര്യമാണ്. ഇരുപത്തിയേഴ് വര്‍ഷം ജില്ലാ സെക്രട്ടറിയായിട്ടും പ്രവര്‍ത്തിച്ചു, അതും വലിയ കാര്യമാണ്. മന്ത്രിയായതിനെ തികച്ചും അപ്രതീക്ഷിതം എന്നുമാത്രമെ പറയാന്‍ കഴിയുള്ളുവെന്നും മണി വ്യക്തമാക്കി. മന്ത്രി മാത്രമെ ആയിട്ടുള്ളു, വൈദ്യുതി വകുപ്പ് തന്നെയാണോ എന്നറിയില്ലെന്നും വകുപ്പെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മണി പറഞ്ഞു.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതിനെ തന്നെ ഞാന്‍ വലിയ കാര്യമായിട്ടാണ് കാണുന്നത്. നേരത്തെ മുതലുണ്ടായിരുന്ന വിവാദപ്രസ്താവനകളെ കുറിച്ചുളള ചോദ്യത്തിന് ഓണം വരാനൊരു മൂലം വേണമെന്ന പഴഞ്ചൊല്ലായിരുന്നു മറുപടി. ശൈലി മാറിയോ എന്നുളള ചോദ്യത്തിനാകട്ടെ ഓരോരുത്തര്‍ക്കും ഓരോരുത്തരുടെ ശൈലിയുണ്ടെന്നും അത് മാറ്റിയാല്‍ അവര്‍ അവരല്ലാതാകുമെന്നും കരുണാകരനെയും വിഎസിനെയും നായനാരെയും ഉമ്മന്‍ചാണ്ടിയെയും ഉദാഹരിച്ച് മണിയുടെ ഉത്തരവുമെത്തി. അവരൊക്കെ എത്രയോ മഹാരഥന്‍മാര്‍, ഞാനെത്രെയോ പാവം എന്നായിരുന്നു തുടര്‍ന്ന് മണി പറഞ്ഞതും. മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ച് അടുത്തിടെ പറഞ്ഞ അഭിപ്രായം മാറിയോ എന്ന ചോദ്യത്തിനാകട്ടെ ഞാനങ്ങോട്ട് കേറിയതെ ഉള്ളൂ, അതിന് മുമ്പ് നമുക്കിട്ട് പണിയരുതെ എന്ന് ചിരിയോടെയുളള ഉത്തരവുമെത്തി. തന്റെ ശൈലിയില്‍ കുഴപ്പമൊന്നും ഇല്ലെന്നും അത് ഇനിയും കാണുകയും ചെയ്യുമെന്ന് പറഞ്ഞ മണി തനിക്കിനി ഇതില്‍ കവിഞ്ഞ് എന്തുവേണമെന്നും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കാലം ചിലര്‍ക്ക് കാത്തുവെക്കുന്ന കൗതുകങ്ങള്‍ പോലെ വിവാദത്തിന്റെ പേരില്‍ ജയിലില്‍ കിടന്ന മണിയാശാന്‍ ഇനി മന്ത്രിക്കസേരയിലേക്ക്.
https://www.facebook.com/Malayalivartha



























