തലസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം വീണ്ടും സജീവം

തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാനായി വാട്ട്‌സ് ആപ്പ് ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ച് വീണ്ടും രംഗത്തെത്തിയത്. പതിനാലുകാരിയെ ദിവസങ്ങളോളം തടങ്കലിലാക്കി വാണിഭത്തിനിരയാക്കിയ കേസില്‍ കഴിഞ്ഞദിവസം മംഗലപുരം പൊലീസിന്റെ പിടിയിലായ ഫിലോമിനയും ഭര്‍ത്താവെന്നറിയപ്പെടുന്ന സുനില്‍ ജോണും ഇടപാടുകാരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സൈറ്റുകളെ ആശ്രയിച്ചതായി വെളിപ്പെട്ടത് ഇതിന് തെളിവേകുന്നു.
സൈബര്‍ സിറ്റിയായ കഴക്കൂട്ടം കേന്ദ്രീകരിച്ച് മാസങ്ങളായി പെണ്‍വാണിഭം നടത്തി വരുന്ന ഇവര്‍ വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് സന്ദേശങ്ങളിലൂടെയാണ് യുവാക്കളുള്‍പ്പെടെയുള്ളവരെ ആകര്‍ഷിച്ചത്.
പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫിലോമിനയും സുനിലും പിടിയിലായ പ്രതികളില്‍ പലര്‍ക്കും പുതിയ ഇര എത്തിയതായി സന്ദേശംഅയച്ചത്. പ്രത്യേക വാട്ട്‌സ് ആപ്പ് ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ച് നാളുകളായി ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫിലോമിനയെയും സുനിലിനെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
പത്തിമടക്കിയ കുപ്രസിദ്ധ പെണ്‍വാണിഭ സംഘങ്ങള്‍ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് മംഗലപുരത്തെ പീഡന സംഭവം. പ്രണയം നടിച്ച് വശീകരിച്ച കാമുകനും സുഹൃത്തും ഓട്ടോ ഡ്രൈവറുമുള്‍പ്പെട്ട സംഘമാണ് പെണ്‍കുട്ടിയെ വാണിഭസംഘത്തില്‍പ്പെട്ട ഫിലോമിനയ്ക്കും സുനിലിനും കൈമാറിയത്.
കാമുകനെന്ന് പറയപ്പെടുന്ന പരവൂര്‍ സ്വദേശിയായ യുവാവിനെയും കൂട്ടാളികളെയും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവര്‍ക്കൊപ്പം മുപ്പതോളം പേരാണ് വിവിധ സ്ഥലങ്ങളിലായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പതിനൊന്നുപേരെ മാത്രമേ പൊലീസിന് പിടികൂടാനായിട്ടുള്ളൂ. സൈബര്‍ പൊലീസ് സഹായത്തോടെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.
കൊച്ചുസുന്ദരിക്കെതിരായ നടപടികൊണ്ടും ഫലമില്ല രാഹുല്‍ പശുപാലന്റെയും രശ്മിയുടെയും അറസ്‌റ്റോടെ 'കൊച്ചുസുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവന്‍പ്രതികളെയും പിടികൂടുകയും ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും തെളിയുന്ന വാണിഭ സൈറ്റുകള്‍. തലസ്ഥാന നഗരമുള്‍പ്പെടെ സംസ്ഥാനത്തെ മിക്കയിടത്തും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. കേട്ടാലറയ്ക്കുന്നതും സഭ്യമല്ലാത്തതുമായ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് പേജില്‍ നിറയെ. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. മൊബൈല്‍ഫോണ്‍, വാട്ട്‌സ് ആപ്പ് എന്നിവയിലൂടെയാണ് ഇടപാടുകളിലേറെയും നടക്കുന്നത്.
പല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അക്കൗണ്ടുകളില്‍നിന്നു ചിത്രങ്ങള്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. പല പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങള്‍ക്കു മോഡലാകുന്നവരുടെ ഫോട്ടോകളും അതേപടി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























