200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേക്കു കടത്തിയെന്ന രഹസ്യ വിവരം, പരിശോധന ശക്തമാക്കി

ആയിരം, അഞ്ഞൂറു രൂപാ നോട്ടുകള്‍ അസാധുവാക്കിയ ശേഷം 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേക്കു കടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നു സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കി. റിയല്‍ എസ്‌റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതിലും അധികം കള്ളപ്പണം കുമിഞ്ഞുകൂടിയതായി കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്ന കേരളത്തിലേക്കു നോട്ടുകള്‍ അസാധുവാക്കിയ ശേഷം ഇത്രയധികം പണം കടത്തിയതിന്റെ കാരണം വ്യക്തമല്ല. ബാങ്കുകളുടെ കണക്കില്‍ പെടുന്നതിലും കൂടുതല്‍ പുതിയ 2000 രൂപ നോട്ടുകളും കൊച്ചി, ആലുവ മേഖലയില്‍ ചോര്‍ന്നിരുന്നു.
അസാധു നോട്ടുകള്‍ എത്തിയതും പുതിയ നോട്ടുകള്‍ ചോര്‍ന്നതും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്കു നിര്‍ദേശം ലഭിച്ചത്. കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണു 2000 രൂപ നോട്ടുകളുടെ അമിതചോര്‍ച്ച.
സമീപ ദിവസങ്ങളില്‍ പഴയ നോട്ട് നിക്ഷേപിക്കാന്‍ എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. കറന്‍സി നോട്ടുകള്‍ സൂക്ഷിക്കുന്ന കേരളത്തിലെ കാഷ് ചെസ്റ്റുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബാങ്കുകളിലേക്ക് എത്തുന്നതിനു മുന്‍പു പുതിയ കറന്‍സികള്‍ ചോര്‍ന്നിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കള്ളപ്പണം കണ്ടെത്താനുള്ള നീക്കങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കള്ളപ്പണ റാക്കറ്റ് സംഘടിതമായി ശ്രമിക്കാനുള്ള സാധ്യതയും ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha



























