ബന്ധുക്കളെ സര്‍ക്കാര്‍ ലാവണങ്ങളില്‍ ഇരുത്തിയ നേതാക്കള്‍ക്കെതിരെ ജയരാജന്‍ കേന്ദ്ര നേതൃത്വത്തിലേയ്ക്ക്

സിപിഎം നേതാക്കളുടെ മക്കളും മറ്റ് ബന്ധുക്കളും സര്‍ക്കാര്‍ ഓഫീസുകളിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇപി ജയരാജന്‍ എം എല്‍ എ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിക്കും. കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതു പോലെ എംഎല്‍എ സ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നതിനിടയിലാണ് പുതിയ തീരുമാനം.
വിഎസ് അച്യുതാനന്ദന്റെ മകനും കോടിയേരിയുടെ ഭാര്യയും ഉള്‍പ്പെടെ വിവിധ പ്രമുഖ നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പുറം വാതിലിലൂടെ പ്രവേശനം നേടിയിട്ടുണ്ട്. ഇതെല്ലാം അന്വേഷിക്കണമെന്നും അത്തരം ജോലി വാങ്ങിയവരുടെ ബന്ധുക്കളായ രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനങ്ങള്‍ ഒഴിയണമെന്നുമാണ് ആവശ്യം. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം അച്യുതാനന്ദനും ഒഴിയേണ്ടി വരും.
മട്ടന്നൂരിലെ എംഎല്‍എ ഓഫീസിലുള്ള സര്‍ക്കാര്‍ ജീവനക്കാരോട് മടങ്ങി പോകാന്‍ ജയരാജന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരും മുമ്പ് തനിക്ക് പകരം പുതിയ മന്ത്രിയെ തീരുമാനിച്ചതില്‍ ക്ഷുഭിതനാണ് ജയരാജന്‍. മട്ടന്നൂര്‍ നഗരസഭ പണിഞ്ഞ പഴശ്ശിരാജയുടെ ശില്പത്തിന്റെ അനാച്ഛാദനം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കുകയാണ്. അതില്‍ മട്ടന്നൂര്‍ എംഎല്‍എയായ ജയരാജനാണ് അധ്യക്ഷനാകേണ്ടത്. എന്നാല്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ജയരാജന്‍ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു.
തനിക്കെതിരെ ഉണ്ടായ അതേ ആരോപണം മറ്റുള്ളവര്‍ക്കുമെതിരെ ഉന്നയിക്കുന്ന തന്ത്രപരമായ നിലപാടാണ് ജയരാജന്‍ സ്വീകരിക്കുന്നത്. പി കെ ശ്രീമതി ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതാക്കളുടെ കെയര്‍ഹോമില്‍ സര്‍ക്കാര്‍ ജോലി വാങ്ങിയവരുടെ പേരുകള്‍ എടുത്തു പറഞ്ഞിരുന്നു. കോടിയേരിക്കെതിരെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഫലത്തില്‍ കോടിയേരി വിയര്‍ത്തു കുളിക്കുകയാണ്. നീതി എല്ലാവര്‍ക്കും തുല്യമായി വീതിക്കപ്പെടണം എന്നാണ് ജയരാജന്റെ നിലപാട്.
ഇ.പി. കണ്ണൂരില്‍ സ്വന്തമായി ഒരു വൃദ്ധസദനം നടത്തുന്നുണ്ട്. അതിന്റെ നടത്തിപ്പിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. സിപിഎം കണ്ണൂരില്‍ രണ്ടു കഷണങ്ങളായി മാറിയിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒന്നായി നിന്ന പാര്‍ട്ടി പിന്നീട് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പായി തീര്‍ന്നു. ഇപ്പോള്‍ കോടിയേരിയെ പുറത്താക്കി പുതിയൊരു ടീം കണ്ണൂരില്‍ ഉരുത്തിരിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയാവുക എന്ന കോടിയേരിയുടെ സ്വപ്നങ്ങള്‍ക്കാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇപിയെ ഫോണില്‍ വിളിക്കാന്‍ കോടിയേരി ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചിട്ടില്ല.
നേതാക്കളുടെ ബന്ധുക്കളുടെ പൂര്‍ണ്ണ ലിസ്റ്റായും ഇപി സീതാറാം യച്ചൂരിക്ക് കൈമാറുക. തനിക്ക് സംഭവിച്ച അതേ വീഴ്ച മറ്റുള്ളവര്‍ക്കും സംഭവിച്ചിട്ടുണ്ടെന്ന വസ്തുതയായിരിക്കും ഇതിലൂടെ വെളിപ്പെടുക. ബന്ധു നിയമനം കൊഴുക്കുകയാണെങ്കില്‍ സിപിഎം പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. പിഎസ്‌സി മുഖാന്തരം നിയമനം നടക്കാത്ത വിവിധ സ്ഥാപനങ്ങളില്‍ സിപിഎം നേതാക്കളുടെ നിരവധി ബന്ധുക്കളെ തിരുകി കയറ്റിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ശേഷം പല വകുപ്പുകളിലും നടന്ന ദിവസക്കൂലി-കരാര്‍ നിയമനങ്ങളിലും സിപിഎം നേതാക്കളുടെയും യൂണിയന്‍ നേതാക്കളുടെയും ബന്ധുക്കള്‍ നിയമനം നേടിയിട്ടുണ്ട്.
ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കേണ്ട കാരണം ബന്ധു നിയമന വിവാദമല്ലെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഇപ്പോള്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha



























