മണിയാശാനെ മന്ത്രിയാക്കിയത് അതിരപ്പിള്ളിക്ക് വേണ്ടിയാണെന്ന് വ്യക്തം: പിണറായി നീങ്ങുന്നത് വ്യക്തമായ കരുതലോടെ

എന്തുവില കൊടുത്തും ആതിരപ്പള്ളി പദ്ധതി നടത്തും പിണറായിയുടെ മനസ്സില്‍ ഉറപ്പിച്ചതാണത്. അതിനായുള്ള തന്ത്രങ്ങളും അദ്ദേഹം പയറ്റുന്നു. ആതിരപ്പള്ളി പദ്ധതിയെക്കുറിച്ച് മണിയാശാന്‍ മന്ത്രിയായശേഷം പറഞ്ഞത്. ഇതേപ്പറ്റി ഞാന്‍ എന്തെങ്കിലും ഇപ്പോള്‍ പറഞ്ഞാല്‍ അത് നാളെ വിവാദമാകും. ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചന നടത്തേണ്ടതുണ്ട്. പരിസ്ഥിതി സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. എന്നിട്ടും ചിലര്‍ പരിസ്ഥിതി പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. അവരെ എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്. പദ്ധതിയെപ്പറ്റി പറയുമ്പോള്‍തന്നെ വിവാദമുണ്ടാകും എന്നായിരുന്നു പുതിയ മന്ത്രിയുടെ പ്രതികരണം. പിണറായിയുടെ മനസ്സറിഞ്ഞുള്ള പ്രതികരണം തന്നെ മണിയില്‍നിന്ന് വന്നതോടെ ഏതു പ്രതിബന്ധം മറികടന്നും അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഉറപ്പാകുകയാണ്.
മുമ്പ് വൈദ്യുതിവകുപ്പ് കൈകാര്യംചെയ്യുകയും കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയും ചെയ്ത മന്ത്രിയാണ് പിണറായി. മന്ത്രിയെന്ന നിലയില്‍ കടുകട്ടിയായി താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി നടപ്പാക്കുകയും ഇത് പില്‍ക്കാലത്ത് അഭിനന്ദനാര്‍ഹമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ എംഎം മണിയെ വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചാലും വൈദ്യുതി മേഖലയില്‍ എന്തുചെയ്യണമെന്ന് വ്യക്തമായി ധാരണയുള്ള പിണറായിയുടെ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ഉറപ്പാണ്.
മണിയെ വകുപ്പ് ഏല്‍പ്പിച്ചതും മേഖലയില്‍ താന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ സ്വതന്ത്രമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുതന്നെയാണെന്ന് സംസാരം ഉയര്‍ന്നുകഴിഞ്ഞു. കൂടംകുളത്തുനിന്ന് വൈദ്യുതിയെത്തിക്കുന്ന പ്രസരണ ലൈന്‍ എത്രയും വേഗം സ്ഥാപിക്കുക, എറണാകുളത്തുനിന്ന് മംഗലാപുരം വരെ നീളുന്ന ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപനം പെട്ടെന്ന് പൂര്‍ത്തിയാക്കി ചീമേനി താപ വൈദ്യുതി നിലയം കല്‍ക്കരിക്കു പകരം പരിസ്ഥിതി ദോഷമില്ലാതെ പ്രകൃതി വാതകം ഉപയോഗിച്ച് നടപ്പാക്കുക തുടങ്ങിയ അടിയന്തിര പദ്ധതികളിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു മാത്രമല്ല, ഭാവിയിലെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനും നടപടി സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.
ഇതിനു പുറമെയാണ് സാധ്യമായ ജലവൈദ്യുതി പദ്ധതികളും കൊണ്ടുവരാനുള്ള നീക്കം. ഇതില്‍ പ്രഥമ പരിഗണന പിണറായി നല്‍കുന്നത് അതിരപ്പിള്ളിക്കാണെന്നത് മുഖ്യമന്ത്രിയായതിന് തൊട്ടടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടെ പല കോണില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ, ഈ വിവാദങ്ങള്‍ കെട്ടടങ്ങിയതിനു പിന്നാലെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ സജീവമായി നീക്കം നടത്തുകയും ചെയ്തിരുന്നു. പദ്ധതിക്കായി കണ്ടെത്തിയ വനഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന് വനംവകുപ്പ് കത്തയച്ചിട്ടുണ്ട്. ഇതോടെ അതിവേഗം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് തീര്‍ച്ചയാണ്.
അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞമാസം നിയമസഭയില്‍ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കൂടിയാലോചനകള്‍ നടത്തിയ ശേഷമേ പദ്ധതി നടപ്പാക്കൂ എന്നാണ് നിലപാടെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ് എങ്ങനെ മറികടക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നേരത്തേ പിണറായി പദ്ധതി നടപ്പാക്കുന്നകാര്യത്തില്‍ അഭിപ്രായം പറഞ്ഞതിനു പിന്നാലെ ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടും, നിരവധി സസ്യ ജീവജാലങ്ങള്‍ ഈ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകും, പദ്ധതികൊണ്ട് പ്രതീക്ഷിച്ച ലാഭമോ വൈദ്യുതിയോ കിട്ടില്ല, ചാലക്കുടി പുഴയോരങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും,
മലമുഴക്കി, വേഴാമ്പല്‍, സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികള്‍ കാണപ്പെടുന്ന മേഖലയിലെ ജീവികളുടെ ആവാസ സ്ഥലം നശിക്കും തുടങ്ങിയ ആക്ഷേപങ്ങളാണ് അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ളത്. ഇതി്ല്‍ ഏറ്റവും പ്രധാനം പദ്ധതി നടപ്പിലാക്കാന്‍ പോകുന്ന പ്രദേശത്തെ രണ്ട് ആദിവാസി കോശനികളാണ്. ഇവരെ ഇവിടെനിന്നും പറിച്ച് മാറ്റേണ്ടി വരും. വാഴച്ചാല്‍ കോളനിയും പൊകലപ്പാറ കോളനിയും ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതി ഇല്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനോ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ രണ്ട് ജില്ലകളിലെ 20,000 ഹെക്ടറോളം കൃഷിസ്ഥലത്ത് വെള്ളമെത്തിക്കുന്ന ജലസേചന പദ്ധതിയായ തുമ്പൂര്‍മൂഴിക്ക് അതിരപ്പള്ളി പദ്ധതി വന്നാല്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നും സ്ഥാപിത ശേഷിയുടെ 20 ശതമാനം പോലും വൈദ്യുതി ലഭിക്കാത്ത അണക്കെട്ടാണ് അതിരപ്പള്ളിയില്‍ ഉയരുകയെന്നുമെല്ലാം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പദ്ധതി നടപ്പാക്കാന്‍ ഉറച്ചുതന്നെ നീങ്ങുകയാണെന്ന സൂചനകളാണ് പുതിയ വൈദ്യുതി മന്ത്രിയില്‍ നിന്നും പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha



























