ആത്മീയതയുടെ പേരിലുള്ള വന്‍തട്ടിപ്പുകളിലെ ഒടുവിലത്തെ ഉദാഹരണം: മക്കളുടെ വിവാഹം ഉടനെ നടക്കുമെന്ന് പ്രവചിച്ച് ടിജോ പാസ്റ്റര്‍, അത് നേരത്തെ കഴിഞ്ഞതാണെന്ന് വിശ്വാസിയുടെ മറുപടി

ആത്മീയ കാര്യങ്ങള്‍ പറഞ്ഞു നടത്തുന്ന തട്ടിപ്പിന്റെ കേന്ദ്രമായി മാറുകയാണ് കേരളം. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലെ ഉയര്‍ന്ന ജീവിത നിലവാരവും സാക്ഷരതാ നിരക്കുമൊന്നും സംസ്ഥാനത്തെ ആത്മീയ തട്ടിപ്പുകളെ തടയുന്നില്ലെന്ന് തെളിയിക്കുന്നതാണ്. ദിനംപ്രതി എത്രയോ ആളുകളാണ് ആത്മീയ തട്ടിപ്പിന് ഇരകളായി തീരുന്നത് എങ്കിലും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിശ്വാസത്തിന്റെ പേരിലുള്ള കബളിപ്പിക്കലുകളെ നേരിടാന്‍ കേരളീയര്‍ക്ക് സാധിക്കുന്നില്ല. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ടിജോ എന്ന പാസ്റ്ററുടെ കള്ള പ്രവചനം പൊളിക്കുന്ന വീഡിയോ. സുവിശേഷ പ്രസംഗത്തിനായി കൂടിയ വിശ്വാസികളെ കൈയ്യിലെടുക്കാനായി പാസ്റ്റര്‍ ടിജോ നടത്തിയ പ്രവചനമാണ് പൊളിഞ്ഞത്.
ഒരു വിശ്വാസിയോട് നിങ്ങള്‍ക്ക് മൂന്ന് മക്കളുണ്ടെന്നും മൂവരുടേയും വിവാഹം ഉടന്‍ നടക്കുമെന്നും പാസ്റ്റര്‍ പ്രവചിച്ചു. എന്നാല്‍ പാസ്റ്ററോടുള്ള വിശ്വാസിയുടെ മറുപടി മൂന്നു മക്കളുടേയും വിവാഹം നേരത്തെ കഴിഞ്ഞതാണ് എന്നായിരുന്നു. ഇതോടെ അബദ്ധം പിണഞ്ഞെന്ന് മനസിലായെങ്കിലും എങ്ങനെ മറികടക്കുമെന്നറിയാതെ പാസ്റ്ററും കൂട്ടരും കുഴങ്ങുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
കള്ളപ്രവചനങ്ങളുടെയും കള്ളസാക്ഷ്യത്തിന്റേയും കൂത്തരങ്ങായ ആത്മീയ മേഖലയില്‍ അതു സംബന്ധിച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ആത്മീയതയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരും കുറവല്ല. രോഗശാന്തി ശുശ്രൂഷയുടേയും അതിന്റെ പേരില്‍ നടക്കുന്ന കള്ളപ്രവചനങ്ങളിലൂടെയും സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന പല പാസ്റ്റര്‍മാരുടെയും തനിനിറം സോഷ്യല്‍മീഡിയ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. അത്തരത്തിലൊരു തട്ടിപ്പിന്റെ വീഡിയോ ആണ് പാസ്റ്റര്‍ ടിജോയുടെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
സുവിശേഷ യോഗത്തിനിടയിലാണ് സാധാരണക്കാരനായ ഒരു വ്യക്തിയോട് പാസ്റ്റര്‍ ടിജോ പ്രവചനം നടത്തുന്നത്. താങ്കളുടെ വിടുതലുമായി ബന്ധപ്പെട്ട മൂന്നു കാര്യങ്ങളാണ് കാണാന്‍ കഴിയുന്നതെന്നു സൂചിപ്പിച്ചാണ് ടിജോ പ്രവചനം ആരംഭിക്കുന്നത്. ആദ്യപ്രവചനം താങ്കള്‍ ഒത്തിരി ദൂരത്തു നിന്നുമാണ് വരുന്നതെന്നുള്ളതാണ്. വിശ്വാസി അതു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള തക്കലയില്‍ നിന്നുമാണ് താന്‍ വരുന്നതെന്നാണ് വിശ്വാസി പറയുന്നത്.
താങ്കള്‍ക്ക് മൂന്നു ഭാഷ അറിയാം എന്നുള്ളതാണ് ടിജോയുടെ അടുത്ത പ്രവചനം. അതു മലയാളം, തമിഴ്, കന്നഡ ഭാഷകളാണെന്നും ടിജോ ചൂണ്ടിക്കാട്ടുന്നു. അക്കാര്യവും വിശ്വാസി ശരിവയ്ക്കുന്നു. താങ്കള്‍ക്ക് മൂന്നു കുട്ടികളാണുള്ളതെന്നും അടുത്ത മൂന്നു മാസത്തിനുള്ളില്‍ അവരുടെ മൂന്നുപേരുടേയും വിവാഹം നടക്കുമെന്നുമാണ് ഒടുവിലത്തെ പ്രവചനം. എന്നാല്‍ ആ പ്രവചനത്തില്‍ പ്രവാചകനെ അമ്ബരപ്പിച്ചുകൊണ്ടു മൂന്നു കുട്ടികളുടെയും വിവാഹം കഴിഞ്ഞതായി വിശ്വാസി വേദിയില്‍ പറയുന്നു.
വിശ്വാസിയുടെ മറുപടി കേട്ട് പാസ്റ്റര്‍ ടിജോയും വിവര്‍ത്തകനും ഇതികര്‍ത്തവ്യാമൂഡരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
https://www.facebook.com/Malayalivartha



























