നിലന്പൂര്‍ ഏറ്റുമുട്ടല്‍ അവിചാരിതമെന്ന്, മൃതദേഹങ്ങള്‍ നിറയെ വെടിയുണ്ടകള്‍

നിലമ്ബൂര്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ശരീരത്തില്‍ 26 വെടിയുണ്ടകളേറ്റതായി മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. മാവോവാദി കേന്ദ്രകമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍ (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന അജിത പരമേശന്‍ (46) എന്നിവരുടെ മൃതദേഹത്തില്‍നിന്നാണ് കോഴിക്കോട് ഫൊറന്‍സിക് സംഘം വെടിയുണ്ടകള്‍ കണ്ടെടുത്തത്.
കുപ്പുസ്വാമിക്ക് പിന്നില്‍നിന്നാണ് കൂടുതല്‍ വെടിയേറ്റത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അജിതയുടെ നട്ടെല്ലും ശ്വാസകോശമുള്‍പ്പെടുന്ന ആന്തരികാവയവങ്ങളും പൂര്‍ണമായി നുറുങ്ങി. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളും കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളുമാണേറ്റത്.
അജിതയുടെ ശരീരത്തില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. 13 ഉണ്ടകള്‍ ശരീരം തുളച്ച് കടന്നുപോയതായി കണ്ടെത്തി. ഒരുണ്ട ശരീരത്തില്‍നിന്ന് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും അത് സി.ടി. സ്‌കാനിങ്ങിലും എക്‌സ്‌റേ പരിശോധനയിലും കണ്ടെത്തി. കുപ്പുസ്വാമിയുടെ ശരീരത്തില്‍നിന്ന് നാലുണ്ടകളാണ് കണ്ടെത്തിയത്. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.കെ.47, എസ്.എല്‍.ആര്‍. മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. നിമിഷങ്ങളുടെ ഇടവേളയില്‍ ഒട്ടേറെ വെടിയുണ്ടകള്‍ ഉതിര്‍ക്കുന്ന തോക്കില്‍ നിന്നേറ്റ വെടികളാണ് ഇരുവര്‍ക്കുമേറ്റത്. ശരീരത്തിന്റെ മുന്‍പിന്‍ ഭാഗങ്ങളിലും വശങ്ങളിലും വെടിയേറ്റിട്ടുണ്ട്. 2060 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക്കിന്റെ നിഗമനം.
രാവിലെ 9.30ന് ആരംഭിച്ച മൃതദേഹപരിശോധനാ നടപടികള്‍ വൈകീട്ട് 6.40നാണ് അവസാനിച്ചത്. ഫോറന്‍സിക് മേധാവി ഡോ. കെ. പ്രസന്നന്റെ നേതൃത്വത്തില്‍ ഡോ. വിജയകുമാര്‍, ഡോ. എസ്. കൃഷ്ണകുമാര്‍, ഡോ.പി.ടി. രതീഷ്, ഡോ. ടി.എം. പ്രജിത്ത്, ഡോ. ആര്‍. സോനു എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹപരിശോധന നടത്തിയത്.
ഈസമയംമുഴുവന്‍ ഭക്ഷണംപോലും കഴിക്കാതെ കുപ്പുസ്വാമിയുടെ 81 വയസ്സുള്ള അമ്മയുള്‍പ്പെടെയുള്ള കുടുംബം മോര്‍ച്ചറിക്ക് പുറത്തിരുന്നു. വൈകീട്ട് 6.40 നാണ് ഇവര്‍ മോര്‍ച്ചറിക്കുള്ളില്‍ കയറി മൃതദേഹം കണ്ടത്.
https://www.facebook.com/Malayalivartha