സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

സ്‌കൂളിലേക്കു പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ വന്നിറങ്ങിയ അപരിചിതരായ രണ്ടു സ്ത്രീകള്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. നെടുമങ്ങാട് കച്ചേരി എല്‍ഐസി ജംഗ്ഷന്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ അടച്ചുമൂടിയ വെള്ള ഓട്ടോ ടാക്‌സിയില്‍ വന്ന രണ്ടു സ്ത്രീകള്‍ തടയാന്‍ ശ്രമിച്ചു, വീടെവിടെയെന്നും ആരുടെ മകളാണന്നുമൊക്കെ അന്വേഷിച്ചാണ് അവര്‍ കുട്ടിയുടെ പിന്നാലെ കൂടിയത്. എന്നാല്‍, അപരിചിതരായ ഇവരോടു വ്യക്തമായി ഒന്നും പറയാതെ പോകാന്‍ ശ്രമിച്ച കുട്ടിയുടെ കയ്യില്‍ സ്ത്രീകള്‍ കടന്നു പിടിച്ചതോടെ പെണ്‍കുട്ടി കുതറിമാറി.
ഈ സമയം ഇവര്‍ കുട്ടിയെ സമീപത്തെ ഓടയിലേക്കു പിടിച്ചുതള്ളി. ഇവരുടെ കയ്യില്‍ കരുതിയിരുന്ന കൈലേസില്‍ എന്തോ സാധനം ഒളിപ്പിച്ച നിലയിലുണ്ടായിരുന്നു. ആ സമയം എതിരെ ഒരാള്‍ നടന്നു വരുന്നതുകണ്ടു നിമിഷത്തിനകം സ്ത്രീകള്‍ ഓട്ടോയില്‍ കയറി കടന്നുകളഞ്ഞു. പേടിച്ചരണ്ട കുട്ടി സ്‌കൂളില്‍ എത്തിയെങ്കിലും മറ്റാരോടും വിവരം പറയാതെ വൈകുന്നേരം വീട്ടിലെത്തിയായിരുന്നു രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം രക്ഷാകര്‍ത്താവ് നെടുമങ്ങാട് പൊലീസിലറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha