മാവോവാദികളുടെ വെളിപ്പെടുത്തല്‍; എല്ലാം നാടകം

കരുളായി വനമേഖലയില്‍ വ്യാഴാഴ്ച പോലീസും മാവോവാദികളും തമ്മിലുണ്ടായത് ഏറ്റുമുട്ടലല്ലെന്ന് മാവോവാദികള്‍ അവകാശപ്പെട്ടു. പോലീസ് വെടിവെച്ചത് ഏകപക്ഷീയമായാണ്. പോലീസിന്റെ വാദം ശരിയല്ലെന്ന് വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ടെന്നവകാശപ്പെട്ട മാവോവാദി വക്താവ് പറഞ്ഞു.
അക്ബര്‍ എന്ന് പരിചയപ്പെടുത്തി ഫോണിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഇയാള്‍ സംഘത്തിലുണ്ടായിരുന്ന വയനാട് സ്വദേശി സോമനാണെന്നാണ് പോലീസിന്റെ വാദം. ഞായറാഴ്ച ഉച്ചയോടെയാണ് അക്ബര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടത്.
മാവോവാദികളുടെ ക്യാന്പിന് കാവല്‍നിന്നിരുന്നവരാണ് പോലീസിനുനേരേ ആദ്യവെടിയുതിര്‍ത്തതെന്നാണ് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി നിലമ്ബൂരില്‍ പറഞ്ഞത്.
എന്നാല്‍, ആദ്യം വെടിവെച്ചത് പോലീസാണെന്ന് അക്ബര്‍ പറഞ്ഞു.
കൊല്ലപ്പെട്ട കുപ്പു ദേവരാജ് കടുത്ത പ്രമേഹബാധിതനായി കിടപ്പിലായിരുന്നു. അജിതയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. മാവോവാദികള്‍ ക്യാമ്ബുചെയ്യുന്ന സ്ഥലത്തെത്തിയ പോലീസ് മൂന്നുഭാഗങ്ങളിലൂടെ വളഞ്ഞു. ക്യാമ്ബില്‍നിന്ന് ഏകദേശം 65 മീറ്റര്‍ അകലെനിന്ന് പോലീസ് ആദ്യം വെടിയുതിര്‍ത്തു.
വെടിശബ്ദംകേട്ട് പുറത്തുവന്ന അജിതയും ദേവരാജും കീഴടങ്ങാമെന്ന് വിളിച്ചുപറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. താനുള്‍പ്പെടെ കാവല്‍നിന്ന നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടയില്‍ മൂന്നുതവണ പോലീസിനുനേരേ വെടിവെച്ചതായും അക്ബര്‍ പറഞ്ഞു. വെടിവെച്ചുകൊന്ന് മാവോവാദത്തെ തകര്‍ക്കാമെന്ന് പോലീസ് കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമായിരിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പുനല്‍കി.
മാവോവാദി നേതാവ് വിക്രംഗൗഡ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരംകാര്യങ്ങള്‍ പങ്കുവെക്കാറില്ലെന്നായിരുന്നു മറുപടി. സുരക്ഷിതരാണെന്നും സംഘത്തിലെ മറ്റാര്‍ക്കും പരിക്കുകളില്ലെന്നും അംഗബലം വെളിപ്പെടുത്താനാകില്ലെന്നും അക്ബര്‍ പറഞ്ഞു.
മാവോവാദികളില്‍നിന്ന് മൊബൈലും സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, വാര്‍ത്താവിനിമയബന്ധം വിച്ഛേദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് അക്ബറിന്റെ വെളിപ്പെടുത്തല്‍. സാധാരണ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെടുന്ന നമ്ബറില്‍നിന്നല്ല ഞായറാഴ്ച മാവോവാദി വക്താവ് വിളിച്ചത്.
https://www.facebook.com/Malayalivartha