സ്ത്രീകള്‍ക്ക് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി. ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസറാണ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് വൈകിട്ട് ഇറങ്ങുതോടെ ഇന്നു മുതല്‍ തന്നെ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവും.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാരാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ നേരത്തെ അനുവദിച്ചിരുന്നു. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സെപ്തംബര്‍ 29 നാണ് ഹൈക്കോടതി എക്‌സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയത്.
1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. കാലാകാലങ്ങളായി സമൂഹത്തില്‍ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണ് ക്ഷേത്രത്തില്‍ അവലംബിച്ചു വരുന്നതെന്നും ചുരിദാര്‍ വ്യാപകമായ നിലയ്ക്ക് അത് ധരിച്ചുവരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല എന്ന വാദവും കണക്കിലെടുത്താണ് പുതിയ തീരുമാനം. കാലം മാറിയതോടെ ക്ഷേത്രത്തില്‍ സൗണ്ട് സിസ്റ്റം, ടെലിഫോണ്‍, ക്യാമറ, സി.സി.ടി.വി. മെറ്റല്‍ ഡിറ്റക്ടര്‍, ഓട്ടോമാറ്റിക് സ്പീഡ് ഫോള്‍ഡിംഗ് ഡോര്‍ തുടങ്ങിയവയൊക്കെ വന്നിട്ടുണ്ട്. അതിനാല്‍ തന്നെ വസ്ത്രധാരണത്തിലും കാലാനുസൃതമായ മാറ്റം ആകാമെന്ന് ക്ഷേത്രം അധികൃതരും നിലപാടെടുത്തു.
എന്നാല്‍, കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റരുത് എന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെയും ചില സംഘടനകളുടേയും നിലപാട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലും ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണുള്ളത്.
https://www.facebook.com/Malayalivartha